യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ സംസ്ഥാന അധ്യക്ഷനാണ് രാഹുല്‍ മാങ്കൂട്ടത്തിൽ: ഡിവൈഎഫ്‌ഐ

single-img
22 November 2023

സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ സംസ്ഥാന അധ്യക്ഷനാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ അറസ്റ്റിലായവര്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുപ്പക്കാരാണ്. കേസില്‍ നിന്നും രക്ഷപ്പെടാനാണ് യൂത്ത് കോണ്‍ഗ്രസ് ചില കലാപരിപാടികള്‍ നടത്തുന്നതെന്ന് വികെ സനോജ് പറഞ്ഞു.

കോണ്‍ഗ്രസ് പാർട്ടിയിലെ നേതാക്കള്‍ക്കും വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ചതില്‍ പങ്കുണ്ടെന്നും വി ഡി സതീശന്‍ അടക്കമുള്ളവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും വികെ സനോജ് ആവശ്യപ്പെട്ടു. വ്യാജന്മാര്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ ആകുന്ന സ്ഥിതിയാണ് കേരളത്തിലെന്ന് വികെ സനോജ് പരിഹസിച്ചു. യൂത്ത് കോണ്‍ഗ്രസ് എന്തിനാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം ഡി വൈ എഫ് ഐ ആരെയും ആക്രമിക്കുന്നവരല്ലെന്നും പറഞ്ഞു.

കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് വന്ന ആളുകളെ തടയുകയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചെയ്തത്. ജനാക്കൂട്ടത്തോട് പ്രകോപനപരമായി ഇടപെട്ടപ്പോള്‍ ഉണ്ടായ പ്രതികരണമാണ് പഴയങ്ങാടിയില്‍ ഉണ്ടായതെന്നും അത് ജനക്കൂട്ടത്തിന്റെ പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞു.

ജനക്കൂട്ടത്തിന്റെ സ്വാഭാവികമായ പ്രതികരണം മാത്രമാണ് പഴയങ്ങാടിയിലേതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. പഴയങ്ങാടിയില്‍ പിന്നെ എന്തൊക്കെ നടന്നു എന്ന് അറിയില്ല. വാഹനത്തിന് മുന്നിലേക്ക് ആളുകള്‍ ചാടി വീണപ്പോള്‍ അവരെ രക്ഷപ്പെടുത്തിയതിനെ കുറിച്ചാണ് മുഖ്യമന്ത്രിയുടെ ജീവന്‍ രക്ഷാപ്രവര്‍ത്തനം എന്ന് പറഞ്ഞത്. അല്ലാതെ തലക്കടിച്ചതിനെ കുറിച്ചല്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.