G 23 പേടി; രാഹുൽ ഗാന്ധി മത്സരിച്ചേക്കും

single-img
3 September 2022

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുമ്പോഴും, രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് ഒരു വിഭാഗം പാർട്ടി നേതാക്കൾ ഉറച്ചു വിശ്വസിക്കുന്നു. നെഹ്‌റു കുടുംബത്തിൽ നിന്നും സ്ഥാനാർഥി ഉണ്ടാകാതിരുന്നാൽ പാർട്ടിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ പോകുമെന്നും ഈ നേതാക്കൾ ഭയക്കുന്നു.

രാഹുലിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ അവസാന നിമിഷം വരെ തുടരുമെന്ന് നേരത്തെ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും, മല്ലികാർജുൻ ഖാർഗെയും, സൽമാൻ ഖുർഷിദും പറഞ്ഞിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് വിദേശ യാത്ര കഴിഞ്ഞ് രാഹുൽ ഗാന്ധി ഇന്ത്യയിലേക്ക് മടങ്ങി എത്തിയാൽ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ പാർട്ടി നേതാക്കൾക്ക് അദ്ദേഹത്തെ അനുനയിപ്പിക്കാൻ സാധിക്കും എന്നാണു പാർട്ടിയിലെ നേതാക്കൾ കരുതുന്നത്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്നാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. നിലവിൽ രാഹുൽ ഗാന്ധിക്കൊപ്പം മല്ലികാർജുൻ ഖാർഗെ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, സുശീൽ കുമാർ ഷിൻഡെ എന്നിവരുടെ പേരുകളും സജീവമായി ചർച്ചയിൽ ഉണ്ട്.

എന്നാൽ നെഹ്‌റു കുടുംബത്തിൽ നിന്നും സ്ഥാനാർഥി ഉണ്ടായില്ല എങ്കിൽ മത്സരിക്കാൻ തന്നെയാണ് G 23 നേത്താക്കളുടെ തീരുമാനം. രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെയും തീരുമാനം ഉണ്ടായില്ല. രാഹുൽ ഗാന്ധി സ്ഥാനാർഥിയായി വന്നാൽ ശശി തരൂരിന് പകരം മനീഷ് തിവാരി മത്സരിക്കും എന്നും അഭ്യൂഹം ഉണ്ട്.