രാഹുല്‍ എന്നോടും മോശമായി പെരുമാറി, പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നു: എംഎ ഷഹനാസ്

single-img
3 December 2025

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എംഎ ഷഹനാസ്. തന്നോടും രാഹുല്‍ മോശമായി പെരുമാറി എന്നാണ് ഷഹനാസ് പറയുന്നത്. ഇക്കാര്യം ഷാഫി പറമ്പിലിനെ അന്ന് തന്നെ അറിയിച്ചിരുന്നു. കര്‍ഷക സമരത്തിന് ഡല്‍ഹിയില്‍ പോയി തിരിച്ചു വന്നപ്പോഴാണ് ഈ സംഭവം എന്നാണ് ഷഹനാസ് പറയുന്നത്.

ഡല്‍ഹിയില്‍ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് പറഞ്ഞത്. അക്കാര്യം ഉള്‍പ്പെടെ ഷാഫിയെ അറിയിച്ചിരുന്നു. വാര്‍ത്താസമ്മേളനത്തിലാണ് ഷഹനാസ് രാഹുലിനെതിരേയും ഷാഫിക്കെതിരേയും ആരോപണം ഉന്നയിച്ചത്.

സ്ത്രീകളോട് മോശമായി പെരുമാറുന്ന രാഹുലിനെ അധ്യക്ഷനാക്കരുതെന്ന് ആവശ്യപ്പെട്ടു. ഇല്ലെന്ന് ഷാഫി പറയട്ടെ. ഷാഫി പ്രസിഡന്റായി ഇരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ഇല്ലായിരുന്നു. രാഹുലിനെതിരെ പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നു. പുരുഷാധിപത്യം എല്ലായിടത്തുമുണ്ടെന്നും എംഎ ഷഹനാസ് പറഞ്ഞു.

ഷഹനാസിന്റെ കുറിപ്പ് പൂർണ്ണരൂപം :

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ വീണ്ടും ഒരു പരാതി ഉയര്‍ന്നു വരുമ്പോള്‍ എനിക്ക് മനസാക്ഷി കുത്തൊന്നും ഇല്ല. കാരണമെന്താണെന്ന് അറിയാമോ? പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞു എന്ന സമാധാനം ഉണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടായി രാഹുല്‍ മാങ്കൂട്ടത്തിനെ പൊക്കിയെടുത്ത് കൊണ്ടുവന്നു വയ്ക്കുമ്പോള്‍ ബഹുമാനപ്പെട്ട അന്നത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ആയിരുന്ന ഷാഫി പറമ്പില്‍ എം.എല്‍.എ യോട് ഞാന്‍ പറഞ്ഞ ഒരു കാര്യമുണ്ട് (തെളിവ് ഉണ്ട്) ഒരുപാട് പെണ്‍കുട്ടികള്‍ക്ക് കടന്നുവരാനുള്ള ഒരു ഇടമാണ് യൂത്ത് കോണ്‍ഗ്രസ് എന്ന് പറയുന്ന സംവിധാനം.

അതിന്റെ പ്രസിഡന്റായിട്ട് ഇവനെ പോലെയുള്ള ആളുകള്‍ വരുമ്പോള്‍ നമ്മുടെയൊക്കെ പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുമെന്ന്…. നമ്മുടെയൊക്കെ പെണ്‍കുട്ടികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ഉണ്ടാവണമെങ്കില്‍ ഇവനെ പോലെയുള്ള ആളുകളെ പ്രസിഡണ്ട് ആക്കരുത് എന്ന് ഞാന്‍ അപേക്ഷിച്ചിട്ടുണ്ട്. ആ വാക്കിന് ഒരു വിലയും തന്നില്ല എന്ന് മാത്രമല്ല നിറഞ്ഞ പരിഹാസവും പുച്ഛവും ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ പറയാന്‍ ഉള്ളത് പറഞ്ഞില്ല എന്നുള്ള വേവലാതിയോ കുറ്റബോധമോ ഒന്നും ഈ നിമിഷവും ഇല്ല. ഇന്നും പരാതി ആയിട്ട് വന്നിട്ടുള്ളത് 23 വയസ്സ് ഉള്ള പെണ്‍കുട്ടിയാണ് ആര്‍ക്കെങ്കിലും വേദന തോന്നുന്നുണ്ടോ? ഉണ്ടാവില്ല……എനിക്ക് തോന്നുന്നുണ്ട് കാരണം എന്റെ മകള്‍ക്ക് 21 വയസ്സാണ്…

അതുണ്ടാവേണ്ടവര്‍ക്ക് അതുണ്ടോ എന്ന് ഒരു തോന്നലും ഇല്ല. കാരണം പീഡിപ്പിക്കപ്പെട്ടത് സ്വന്തം മകളോ ഭാര്യയോ അമ്മയോ സഹോദരിയോ ഒന്നുമല്ലല്ലോ എവിടെയോ കിടക്കുന്ന ഒരു പെണ്ണ്. പ്രസംഗിക്കാന്‍ മാത്രമേ ഇവര് സ്ത്രീപക്ഷം പറയൂ…. ആ അഭിനയം ഒക്കെ കാണാന്‍ വിധിച്ചിട്ടുള്ള ഹതഭാഗ്യരാണ് നമ്മളൊക്കെ അത് ഏത് രാഷ്ട്രീയമായാലും… അല്ലെങ്കില്‍ രാഹുല്‍ മാങ്കൂട്ടം എന്ന എം.എല്‍. എയെ പിടികൂടാന്‍ സാധിക്കാത്ത ഒരു പോലീസ് സംവിധാനമാണോ കേരളത്തിലുള്ളത്? അല്ലെങ്കിലും വേട്ടനായ്ക്കള്‍ എല്ലാ കാലത്തും ആഘോഷിക്കപ്പെടും ഇരകള്‍ എന്നും നിങ്ങള്‍ക്ക് മുന്നിലൊക്കെ നരകിച്ചു ജീവിച്ചു മരിക്കും. നിങ്ങള്‍ പറയുന്ന അപമാന വാക്കുകളാല്‍ അവര്‍ പുളയും….അത് ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ ആയാലും ഏത് മേഖലയില്‍ ഉള്ളവന്‍ ആയാലും….

വേട്ടപ്പട്ടികള്‍ക്ക് ഒരു വിചാരമുണ്ട് അതായത് പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നത് പിടിക്കപ്പെട്ടാല്‍ പിന്നീട് അവരുടെ തന്ത്രം എന്താണെന്ന് വെച്ചാല്‍ ബാക്കിയുള്ള സ്ത്രീകളെ ചടങ്ങുകളില്‍ വിളിക്കുക പരസ്യമായി കെട്ടിപ്പിടിക്കുക എന്നിട്ട് സ്വയം അങ്ങ് ആനന്ദിക്കുക. അതായത് ആ വേട്ടപ്പട്ടിയുടെ തോന്നല്‍ ആണ്. കണ്ടോ കണ്ടോ ഞാന്‍ കെട്ടിപ്പിടിച്ചപ്പോള്‍ ഈ സ്ത്രീകള്‍ക്ക് ഒന്നും ഒരു കുഴപ്പവും സംഭവിച്ചില്ലല്ലോ പിന്നെ നീയൊക്കെ എവിടുന്നാ വന്നു പീഡിപ്പിച്ചു എന്ന് പറഞ്ഞു കുരയ്ക്കുന്നത് എന്ന്…. നിനക്ക് ഒക്കെ എവിടെയാ തേഞ്ഞു പോയത് എന്ന്….

എന്നിട്ട് അവരെ ചുവപ്പും ചുവപ്പും വസ്ത്രമൊക്കെ അണിഞ്ഞ് ഇരയായ പെണ്ണിന്റെ മുന്നില്‍ വന്നു കൊഞ്ഞനം കുത്തിക്കൊണ്ടേയിരിക്കും…i അനുഭവം കൊണ്ട് പറയാണ് നല്ല വേദനയാണ് ഇതിനൊക്കെ നിന്ന് കൊടുക്കുന്ന പെണ്ണുങ്ങള്‍ക്ക് ഒരു വിചാരം ഉണ്ട് നിങ്ങള്‍ ഒരു പുരുഷനെ മഹാന്‍ ആക്കിയെന്ന്… തോന്നലാണ്….നിങ്ങളെ ഗതികേട് കൊണ്ടു ഈ പുകഴ്ത്തി പറയുന്ന അണികളുടെ ഉള്ളില്‍ പോലും നിങ്ങളോട് പുച്ഛമായിരിക്കും…