തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധങ്ങൾ; സിപിഐഎം പോളിറ്റ് ബ്യൂറോയുടെ പൂർണ്ണ പിന്തുണ

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ വിവിധ സംഘടനകൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് സിപിഐഎം പോളിറ്റ് ബ്യൂറോ (പിബി) പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന ഘടന തകർക്കുന്ന കേന്ദ്ര നടപടി സംസ്ഥാനങ്ങൾക്ക് മേൽ വലിയ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നതാണെന്ന് പിബി വ്യക്തമാക്കി.
നിലവിലെ പദ്ധതിക്ക് പകരം ദുർബലമായ മറ്റൊരു പദ്ധതി അടിച്ചേൽപ്പിക്കാൻ ബിജെപി സർക്കാർ ശ്രമിക്കുകയാണെന്ന് പിബി കുറ്റപ്പെടുത്തി. പുതിയ ലേബർ കോഡുകൾ കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ സമീപനത്തിന്റെ തെളിവാണെന്നും, ഇതിനെതിരായ പ്രക്ഷോഭങ്ങൾക്കും പിന്തുണ നൽകുമെന്നും സിപിഐഎം അറിയിച്ചു. ഇത്തരം നടപടികൾ സർക്കാർ അനുകൂല ചങ്ങാത്ത മുതലാളിമാർക്ക് നൽകുന്ന സമ്മാനങ്ങളാണെന്നും പിബി ആരോപിച്ചു.
അതേസമയം, ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് വർധിച്ചുവരുന്ന സംഘപരിവാർ അക്രമങ്ങളെ സിപിഐഎം പോളിറ്റ് ബ്യൂറോ ശക്തമായി അപലപിച്ചു. ക്രിസ്മസ് ആഘോഷങ്ങൾ അലങ്കോലമാക്കാൻ ബജ്‌രംഗ് ദൾ, വിഎച്ച്പി തുടങ്ങിയ സംഘടനകൾ ആസൂത്രിത ശ്രമങ്ങൾ നടത്തിയതായും, വിവിധയിടങ്ങളിൽ ക്രൈസ്തവ വിശ്വാസികൾ ആക്രമിക്കപ്പെട്ടതായും പിബി ചൂണ്ടിക്കാട്ടി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം അക്രമങ്ങളെ തടയാൻ സർക്കാർ തയ്യാറാകാതെ അക്രമികൾക്ക് ഒത്താശ ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും, ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള ആർഎസ്‌എസ്–ബിജെപി നയത്തിന്റെ ഭാഗമാണ് ഈ ആക്രമണങ്ങളെന്നും സിപിഐഎം ആരോപിച്ചു. അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് കർശന ശിക്ഷ ഉറപ്പാക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.


