പ്രിയങ്ക ഗാന്ധിയുടെ കൂറ് വിഗ്രഹാരാധനയ്ക്കും ക്ഷേത്രങ്ങള്‍ പണിയുന്നതിനും എതിരുളള ഇസ്ളാമിനോട്: സ്മൃതി ഇറാനി

single-img
5 May 2023

2019ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി അമേഠിയിലെ തെരുവുകളില്‍ നമാസ്അ ര്‍പ്പിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. ഈ മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ഹനുമാന്‍ ക്ഷേത്രം കോൺഗ്രസ് നിർമ്മിക്കുമെന്ന കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിന്റെ വാഗ്ദാനത്തെ പരാമര്‍ശിച്ചായിരുന്നു സ്മൃതി ഇറാനിയുടെ ഈ വിവാദ പ്രസ്താവന.

കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ക്ഷേത്രങ്ങള്‍ പണിയുമെന്ന് ശിവകുമാര്‍ വാഗ്ദാനം ചെയ്യുമ്പോള്‍, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തക പ്രിയങ്ക ഗാന്ധിയുടെ കൂറ് വിഗ്രഹാരാധനയ്ക്കും ക്ഷേത്രങ്ങള്‍ പണിയുന്നതിനും എതിരുളള ഇസ്ളാമിനോടാണെന്നും സ്മൃതി ഇറാനി പറഞ്ഞു.

‘ തെരഞ്ഞെടുപ്പിൽ താന്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയാകാന്‍ പോകുന്നില്ലെന്ന് ഡികെ ശിവകുമാറിനോട് പറയണമെന്നുണ്ടായിരുന്നു. അതിനാല്‍ ക്ഷേത്രങ്ങള്‍ പണിയുമെന്ന വ്യാജവാഗ്ദാനം നല്‍കാതിരിക്കുന്നതാണ് നല്ലത്. ഇത് പറയുന്നതിന് മുമ്പ് അദ്ദേഹം മിസിസ് വാദ്രയോട് ചോദിച്ചിരുന്നില്ലേ? കാരണം 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ വെച്ച് മിസിസ് വാദ്ര തെരുവില്‍ നമാസ് അര്‍പ്പിക്കുന്നത് കണ്ടതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ പറയുന്നത്.

കാരണം, ഇസ്ലാമില്‍ വിശ്വസിക്കുന്നവര്‍ക്ക് വിഗ്രഹാരാധന നടത്താനോ ക്ഷേത്രങ്ങള്‍ പണിയാനോ കഴിയില്ലെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അവരുടെ നേതാവ് വിഗ്രഹാരാധനയ്ക്കും ക്ഷേത്രത്തിനും എതിരാകുമ്പോള്‍ ഡികെ ശിവകുമാറിന് ഈ രീതിയിൽ ഒരു വാഗ്ദാനം നല്‍കാന്‍ കഴിയുമോ?’ സ്മൃതി ഇറാനി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെ പറഞ്ഞു.