ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയാകാൻ പ്രിയങ്കാ ഗാന്ധി കേരളത്തിലേക്ക്

single-img
20 September 2022

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കാളിയാകാൻ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കേരളത്തിലേക്ക് എത്തുന്നു . യാത്ര 275 കിലോമീറ്റര്‍ ദൂരം പിന്നിട്ടുവെന്നും ഇന്നത്തോടെ 285 കിലോമീറ്റര്‍ ദൂരം പിന്നിടുമെന്നും പ്രിയങ്ക എത്തുമെന്നുമുള്ള കാര്യം മുതിർന്ന നേതാവായ ജയറാം രമേശാണ് വ്യക്തമാക്കിയത്.

അതേസമയം, കേരളത്തില്‍ വെച്ച് തന്നെ യാത്രയുടെ ഭാഗമാവാനാണ് പ്രിയങ്കയുടെ ശ്രമം. വരുന്ന ഒക്ടോബര്‍ 17ന് നടക്കുന്ന കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് ഇപ്പോള്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഭാരത് ജോഡോ യാത്ര വിജയമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നായിരുന്നു ജയ്‌റാം രമേശ് നൽകിയ മറുപടി.

കോൺഗ്രസിൽ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആരും സോണിയയുടെയോ രാഹുലിന്റെയോ അനുവാദം തേടേണ്ടതില്ലെന്നായിരുന്നു ശശി തരൂര്‍ സോണിയയില്‍ നിന്ന് അനുവാദം വാങ്ങിയല്ലോയെന്ന ചോദ്യത്തോടുള്ള ജയ്‌റാം രമേശിന്റെ പ്രതികരണം.