ഗുസ്തി താരങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ പ്രധാനമന്ത്രി രണ്ടു വര്‍ഷം മുന്‍പേ അറിഞ്ഞിരുന്നു; എഫ്‌ഐആറില്‍ വെളിപ്പെടുത്തല്‍

single-img
2 June 2023

രാജ്യത്തെ ഗുസ്തി താരങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു വര്‍ഷം മുന്‍പേ അറിഞ്ഞിരുന്നതായി പോലീസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ വെളിപ്പെടുത്തല്‍. ബ്രിജ് ഭൂഷൻ നടത്തിയ ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്തതിനു നേരിടേണ്ട വരുന്ന പീഡനങ്ങളെക്കുറിച്ച് താരങ്ങള്‍ 2021ല്‍ത്തന്നെ പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് അറിയിച്ചിരുന്നു എന്നാണ് എഫ്‌ഐആറിലുള്ളത്.

പരാതികൾ അറിയിക്കാൻ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ അനുമതി തേടിയ ഒളിംപ്യന്‍മാരുടെ സംഘത്തില്‍നിന്ന് ഒരു താരത്തിന്റെ പേര് ബ്രിജ് ഭൂഷണ്‍ വെട്ടിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ഇടപെട്ട് താരത്തെ വിളിപ്പിച്ചു. ഈ കൂടിക്കാഴ്ചയിലായിരുന്നു ഫെഡറേഷന്‍ അധ്യക്ഷന്റെ പരാക്രമങ്ങള്‍ പ്രധാനമന്ത്രിയോട് നേരില്‍ പറഞ്ഞത്. പ്രശ്‌നത്തില്‍ കായികമന്ത്രാലയം ഇടപെടുമെന്ന് അന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

വനിതാ താരങ്ങളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമായിരുന്നു ബിജെപി നേതാവു കൂടിയായ ബ്രിജ് ഭൂഷന്റെ പീഡനങ്ങളെന്നും എഫ്‌ഐആറില്‍ പറയുന്നു. ഏപ്രില്‍ 28ന് തയാറാക്കിയ എഫ്‌ഐആറില്‍ പക്ഷെ ഇതുവരെ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല.