തനിക്ക് രണ്ട് ഒപ്പുണ്ടെന്ന് പ്രശാന്തന്‍; എഡിഎമ്മിന്റെ മരണത്തില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി തന്റേത് തന്നെ
കണ്ണൂര്‍ ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് അനുമതി തേടിയുള്ള അപേക്ഷയില്‍ ഉള്ളത് തന്റെ തന്നെ ഒപ്പുകളാണെന്ന് എഡിഎമ്മിന്റെ മരണത്തില്‍ ആരോപണവിധേയനായ പ്രശാന്തന്‍. എഡിഎമ്മിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം വന്ന ശേഷം ആദ്യമായാണ് പ്രശാന്തനെ മൊഴി എടുക്കാന്‍ വിളിക്കുന്നത്.
ഇന്ന് ഒരു മണിക്കൂറോളം ചിലവിട്ടാണ് അന്വേഷണ സംഘം പ്രശാന്തന്റെ മൊഴി എടുത്തത്. എഡിഎം കൈക്കൂലി വാങ്ങിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലും പാട്ടക്കരാറില്‍ നല്‍കിയതിലും പേരും ഒപ്പും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു. ഇത് ചോദിച്ചപ്പോഴാണ് ക്ഷുഭിതനായി പ്രശാന്തന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
നവീന്‍ ബാബുവിനെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി തന്റെത് തന്നെയാണ് എന്നാണ് പ്രശാന്തന്‍ പറഞ്ഞത്. എഡിഎമ്മിന്റെ മരണത്തില്‍ അന്വേഷണം പ്രശാന്തനിലേക്ക് എത്തില്ല എന്ന സൂചനകള്‍ ശക്തമാകുമ്പോള്‍ തന്നെയാണ് വെല്ലുവിളിച്ചുള്ള പ്രതികരണം നടത്തിയതും.