7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം; ജപ്പാനിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

single-img
20 April 2026

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് തിങ്കളാഴ്ച റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇതേത്തുടർന്ന് അധികൃതർ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകുകയും ഗതാഗത സേവനങ്ങൾ തടസ്സപ്പെടുകയും ചെയ്തു. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോട് ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ (Japan Meteorological Agency) കണക്കനുസരിച്ച് പസഫിക് സമുദ്രത്തിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ കേന്ദ്രം. ഇവാട്ടെ, അയോമോറി, ഹോക്കൈഡോ പ്രവിശ്യകളുടെ തീരങ്ങളിൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

സംഭവത്തിൽ അടിയന്തര കർമ്മസേന രൂപീകരിച്ചതായും ബാധിക്കപ്പെട്ട പ്രദേശങ്ങളിലെ താമസക്കാർ എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും പ്രധാനമന്ത്രി സനേ തകൈച്ചി അഭ്യർത്ഥിച്ചു.

മുൻകരുതൽ നടപടിയുടെ ഭാഗമായി ഹച്ചിനോഹെ തുറമുഖത്ത് നിന്ന് കപ്പലുകൾ മാറ്റുന്ന ദൃശ്യങ്ങൾ പൊതു പ്രക്ഷേപണമായ എൻഎച്ച്കെ (NHK) പുറത്തുവിട്ടു. ജനങ്ങൾ ഉടൻ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെടുന്ന അടിയന്തര മുന്നറിയിപ്പുകൾ മാധ്യമങ്ങളിലൂടെ നിരന്തരം നൽകുന്നുണ്ട്. തിരമാലകൾ കരയിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ തീരമേഖലകളിൽ നിന്ന് വിട്ടുനിൽക്കാൻ അധികൃതർ കർശന നിർദ്ദേശം നൽകി.