ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണും; ഇന്ത്യ മുന്നണിയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ

single-img
3 June 2024

ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനോട് അനുബന്ധിച്ച് പ്രതിപക്ഷ ഇന്ത്യ മുന്നണി ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിന് മുനാപായി തന്നെ പോസ്റ്റൽ വോട്ടുകൾ എന്നി തീർക്കുമെന്നും ഡൽഹിയിൽ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് കിട്ടിയ ആകെ 495 പരാതികളിൽ 90 ശതമാനവും പരിഹരിച്ചുവെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ഉന്നത നേതാക്കൾക്കെതിരെ ഉൾപ്പെടെ കേസെടുത്തു. പരാതികളിൽ നോട്ടീസ് നൽകി.

ഈ കാര്യത്തിൽ യാതൊരു പക്ഷപാതിത്വവും ആരോടും കാട്ടിയില്ല. പദവി നോക്കാതെ നടപടിയെടുത്തു. വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നടപടിയെടുത്തുവെന്നും രാജീവ് കുമാര്‍ വ്യക്തമാക്കി. നിലവിൽ നാളെ നടക്കാനിരിക്കുന്ന വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും കമ്മീഷണർ പറഞ്ഞു.

രാജ്യ വ്യാപകമായി പത്തര ലക്ഷം വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഉണ്ട്. 24 മണിക്കൂറും സിസിടിവി നിരീക്ഷണം ഉണ്ടാകും. നിരീക്ഷകരുടെ മുഴുനീള സാന്നിധ്യവും ഉണ്ടാകും. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മൂന്ന് തലത്തിൽ സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും കമ്മീഷണർ അറിയിച്ചു.

ഇത്തവണ ആകെ വോട്ട് ചെയ്ത 64.2 കോടി പേരിൽ 31.2 കോടി സ്ത്രീകളായിരുന്നു. ജമ്മു കശ്മീരിൽ നാല് പതിറ്റാണ്ടിനിടെ ഏറ്റവും ഉയര്‍ന്ന പോളിങ് ഇത്തവണ രേഖപ്പെടുത്തി. അവിടെ വോട്ട് ചെയ്ത എല്ലാവരെയും സല്യൂട്ട് ചെയ്യുന്നു. മണിപ്പൂരിൽ സമാധാനപരമായി നടപടികൾ പൂര്‍ത്തിയാക്കി. ജനങ്ങൾ വോട്ട് ചെയ്യാൻ വലിയ ഉത്സാഹം കാഴ്ചവച്ചെന്നും കമ്മീഷണർ പറഞ്ഞു.