ചന്ദ്രയാന്‍ 3ക്കെതിരെ അപമാനകരമായ പ്രസ്താവന; നടന്‍ പ്രകാശ് രാജിനെതിരെ പോലീസ് കേസെടുത്തു

single-img
22 August 2023

രാജ്യത്തിന്റെ അഭിമാന ചാന്ദ്രയാത്രാ പദ്ധതിയായ ചന്ദ്രയാന്‍ 3-ക്കെതിരെ അപമാനകരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് നടന്‍ പ്രകാശ് രാജിനെതിരെ കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ ബനഹട്ടി പൊലീസ് കേസെടുത്തു. ചില ഹിന്ദു സംഘടനാ പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്.

ചന്ദ്രയാന്‍വിഷയത്തിൽ എടുത്ത പുറത്തുവിട്ട ആദ്യചിത്രം എന്ന പേരില്‍ ചന്ദ്രനില്‍ ചായ അടിക്കുന്ന ഒരാളുടെ കാര്‍ട്ടൂണാണ് പ്രകാശ് രാജ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഈ പോസ്റ്റിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് പ്രകാശ് രാജിനെതിരെ ചില സംഘടനകള്‍ പരാതിയുമായി എത്തിയത്.

പ്രകാശ് രാജിന്റെ പോസ്റ്റ് ലജ്ജാകരമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വി പ്രതികരിച്ചിരുന്നു. കേന്ദ്രമന്ത്രിമാരും ഐഎസ്ആര്‍ഒ മുന്‍മേധാവിയും അടക്കം പ്രകാശ് രാജിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനെതിരെ രംഗത്ത് എത്തിയിരുന്നു.

അതേസമയം, ചന്ദ്രനില്‍പ്പോയാലും അവിടെ ഒരു ചായക്കടയുമായി ഒരു മലയാളിയുണ്ടാകും എന്ന തമാശയാണ് താനുദ്ദേശിച്ചതെന്ന വിശദീകരണവുമായി പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. തന്നെ വിമര്‍ശിക്കുന്നവര്‍ ഏത് ‘ചായ്‌വാല’യെ ആണ് ഉദ്ദേശിച്ചതെന്ന് തനിക്കറിയില്ലെന്നും പ്രകാശ് രാജ് പ്രതികരിച്ചിരുന്നു.