ഗതാഗതം തടസം, അശ്ലീലപദ പ്രയോഗം; യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ പോലീസ് കേസെടുത്തു

single-img
22 June 2023

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ ഒരു കട ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് ‘തൊപ്പി’എന്ന പേരിലറിയപ്പെടുന്ന യൂട്യൂബര്‍ക്കെതിരെ കേസ്. റോഡിൽ ഗതാഗതം തടസം, അശ്ലീലപദ പ്രയോഗം നടത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ‘തൊപ്പി’ ഉദ്ഘാടനം ചെയ്ത കടയുടെ ഉടമക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

കട ഉദ്ഘാടനവും ചടങ്ങിൽ പങ്കെടുത്ത യൂട്യൂബറുടെ പാട്ടും സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായിരുന്നു. വിദ്യാര്‍ഥികള്‍ ഉൾപ്പെടെ നൂറു കണക്കിന് കൗമാരക്കാരാണ് പരിപാടിക്ക് തടിച്ചു കൂടിയിരുന്നത്. യൂട്യൂബർക്കെതിരെ വളാഞ്ചേരി സ്വദേശിയാണ് പൊലീസിനെ സമീപിച്ചത്.

ജൂൺ 17 നായിരുന്നു വിവാദമായ പരിപാടി. കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും താരമാണ്. ‘mrz thoppi’ എന്ന യൂട്യൂബ് ചാനലിന് 6.96 ലക്ഷം സബ്സ്ക്രൈബർമാരാണ് ഉള്ളത്. ഇതിനിടയിൽ സംസ്ഥാനത്തെ ഒൻപത് യുട്യൂബർമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്‍റെ പരിശോധന നടന്നു.

യു ട്യൂബിന് പുറമേനിന്നും ലഭിക്കുന്ന വരുമാനത്തിന് ഇവരാരും നികുതിയൊടുക്കുന്നില്ല എന്നാണ് കേന്ദ്ര ഏജൻസിയുടെ കണ്ടത്തൽ. കൊച്ചിയിൽ നിന്നുള്ള ആദായ നികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് സംസ്ഥാനത്തെ ഇരുപത് കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നത്. പേർളി മാണി, എം 4 ടെക്, അൺബോക്സിങ് ഡ്യൂഡ്, കാസ്ട്രോ ഗെയിമിങ് തുടങ്ങി 9 യു ട്യൂബർമാർക്കെതിരെയാണ് അന്വേഷണം. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി.