പിഎം ശ്രീ: കേന്ദ്രം വീണ്ടും കത്തയച്ചു; നിലപാട് ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്ന് മന്ത്രി ഷംസുദ്ദീൻ

single-img
11 September 2026

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കേരളത്തിന് രണ്ടാമതും കത്തയച്ചതായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സ്ഥിരീകരിച്ചു. വിഷയത്തിൽ തനിക്ക് ഒറ്റയ്ക്ക് നിലപാട് പ്രഖ്യാപിക്കാനാകില്ലെന്നും സർക്കാർ തലത്തിലും മുന്നണി തലത്തിലും അടിയന്തരമായി ചർച്ചകൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ചർച്ചകൾക്ക് ശേഷം മുഖ്യമന്ത്രി നിലപാട് അറിയിക്കും. മുഖ്യമന്ത്രിയുടെ നിലപാടിന്റെ അടിസ്ഥാനത്തിലായിരിക്കും പിഎം ശ്രീ പദ്ധതിയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുകയെന്നും എൻ. ഷംസുദ്ദീൻ പറഞ്ഞു.

പദ്ധതി പൂർണമായി തള്ളിക്കളയണമോ അതോ ചില ഉപാധികളോടെ അനുവദിക്കണമോ എന്നത് വിശദമായ ചർച്ചകൾക്ക് ശേഷമായിരിക്കും തീരുമാനിക്കുക. വിഷയത്തിൽ ബന്ധപ്പെട്ട എല്ലാ തലങ്ങളിലും കൂടിയാലോചനകൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്രത്തിൽ നിന്ന് കേരളത്തിന് അവകാശപ്പെട്ട ഏകദേശം 2,000 കോടി രൂപ ലഭിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. സമഗ്ര ശിക്ഷ കേരള (എസ്എസ്കെ) ഫണ്ട് വിദ്യാഭ്യാസ വകുപ്പിന്റെ നട്ടെല്ലാണെന്നും ഈ ഫണ്ട് കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പിഎം ശ്രീ പദ്ധതിയുടെ പേരിൽ കേരളത്തിന് അവകാശപ്പെട്ട മറ്റ് ഫണ്ടുകൾ തടഞ്ഞുവയ്ക്കരുതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എൻ. ഷംസുദ്ദീൻ വ്യക്തമാക്കി.