വ്യാജ വാഗ്ദാനം നൽകി വീട്ടമ്മമാരുടെ ഫോൺനമ്പർ കൈക്കലാക്കും; പകരം നൽകുന്നത് ബിജെപി അംഗത്വം; പരാതി
വ്യാജ വാഗ്ദാനം നൽകി വീട്ടമ്മമാരുടെ പക്കൽ നിന്നും ഫോൺനമ്പർ കൈക്കലാക്കിയശേഷം ഒരു സംഘം പകരം ബിജെപി അംഗത്വം നൽകിയെന്ന് പരാതി. പുതുച്ചേരി മുതിയാൽപേട്ട് മേഖലയിലാണ് സംഭവം. സന്നദ്ധ സംഘടനയിൽ നിന്നുള്ളവരാണെന്ന് അവകാശപ്പെട്ടാണ് പത്തിലധികം പേർ വീടുവീടാന്തരം കയറിയിറങ്ങിയത്.
വീടുകളിൽ എന്തെങ്കിലും വിശേഷങ്ങൾ നടന്നാലും അനിഷ്ട സംഭവങ്ങൾ നടന്നാലും 10000 രൂപ നൽകുമെന്നും ദീപാവലി പോലെയുള്ള വിശേഷ ദിവസങ്ങളിൽ സമ്മാനങ്ങൾ നൽകുമെന്നും അതിനുവേണ്ടി ഫോൺ നമ്പർ നൽകാനും ഇവർ ആവശ്യപ്പെടുകയായിരുന്നു . ഇതെല്ലാം വിശ്വസിച്ച് വീട്ടമ്മമാർ ഫോൺ നമ്പർ നൽകി.
എന്നാൽ അതിനുശേഷം , ഈ നമ്പറുകൾ ബിജെപി അംഗത്വത്തിനായി ഉപയോഗിച്ചെന്നാണു പരാതി. നമ്പർ നൽകിയ വീട്ടമ്മമാർക്കെല്ലാം ‘നിങ്ങളെ ബിജെപിയുടെ അടിസ്ഥാന അംഗമായി ചേർത്തിരിക്കുന്നു’ എന്ന എസ്എംഎസും ലഭിച്ചു. പിന്നാലെ ഇതിനെതിരെ പ്രദേശത്തു പ്രതിഷേധവുമുണ്ടായി.