ഹിജാബ് സൗഹൃദ സ്‌കൂളുകളും കോളേജുകളും സ്ഥാപിക്കാൻ അനുമതി; റിപ്പോർട്ട് തള്ളി കർണാടക മുഖ്യമന്ത്രി

single-img
2 December 2022

കർണാടകയിൽ മുസ്ലീം വിദ്യാർത്ഥികൾക്കായി 10 ഹിജാബ് സൗഹൃദ സ്‌കൂളുകളും കോളേജുകളും തുറക്കാൻ സംസ്ഥാന ഖഖഫ് ബോർഡിന് സർക്കാർ അനുമതി നൽകിയെന്ന റിപ്പോർട്ടുകൾ തള്ളി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഇതുവരെ ഇങ്ങിനെയൊരു വിഷയം സർക്കാർ ചർച്ച ചെയ്തിട്ടില്ലെന്നും സർക്കാരിന് ഇത്തരമൊരു നിലപാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ ദക്ഷിണ കന്നഡ, ശിവമോഗ, കുടക്, ചിക്കോടി, നിപ്പാനി, കലബുറഗി എന്നിവിടങ്ങളിൽ മുസ്ലീം പെൺകുട്ടികൾക്കായി കോളേജ് തുടങ്ങാൻ ബോർഡ് തീരുമാനിച്ചതായി കർണാടക വഖഫ് ബോർഡ് ചെയർമാൻ മൗലാന ഷാഫി സാദിയാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. പിന്നാലെ തന്നെ ഇതിനെതിരെ ഹിന്ദു അനുകൂല സംഘടനകൾ പ്രതിഷേധവുമായി രം​ഗത്തെത്തി.

ഇതിനെ തുടർന്നാണ് വിശദീകരണവുമായി മുഖ്യമന്ത്രി രം​ഗത്തെത്തിയത്. വിജയപുര, ബാഗൽകോട്ട് ജില്ലകളിലും കോളേജുകൾ സ്ഥാപിക്കുമെന്നും ഓരോ കോളേജിനും 2.5 കോടി രൂപ അനുവദിക്കുമെന്നും വഖഫ് ബോർഡ് വ്യക്തമാക്കിയിരുന്നു. ഹജ്ജ്, വഖഫ് മന്ത്രി ശശികല ജോല്ലെ ഈ നീക്കത്തിന് പച്ചക്കൊടി കാട്ടിയെന്നും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനിയെ കാണാൻ ഒരു പ്രതിനിധി സംഘത്തെ ദില്ലിയിലേക്ക് അയച്ചിട്ടുണ്ടെന്നും വഖഫ് ചെയർമാൻ പറഞ്ഞിരുന്നു.

വിഷയം ചൂടുപിടിച്ചതോടെ സർക്കാരിന് മുമ്പാകെ ഇത്തരമൊരു നിർദ്ദേശം വന്നിട്ടില്ലെന്ന് ശശികല ജോല്ലെ പറഞ്ഞു. ഇത്തരമൊരു പ്രസ്താവന നടത്തിയതിൽ വിശദീകരണം നൽകാൻ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പിന്നാലെ വിശദീകരണവുമായി ചെയർമാൻ രം​ഗത്തെത്തി. തന്റെ പ്രസ്താവന മാധ്യമങ്ങളിൽ തെറ്റായി വ്യാഖ്യാനിച്ചെന്ന് ചെയർമാൻ പറഞ്ഞു, മുസ്ലീങ്ങൾക്ക് മാത്രമുള്ള സ്കൂൾ പദ്ധതി ഇല്ലെന്നും ബോർഡിന് 25 കോടി രൂപ ഫണ്ടുണ്ടെന്നും 10 ജില്ലകളിലും സ്ത്രീകൾക്കായി കോളേജുകൾ തുറക്കുന്നതിന് 2.5 കോടി രൂപ നൽകുമെന്നും താൻ ചില വാർത്താ മാധ്യമങ്ങളോട് പറഞ്ഞിരുന്നതായും അദ്ദേഹം വിശദീകരിച്ചു.