സ്കൂൾ കുട്ടികൾക്ക് കപ്പലണ്ടി മിഠായി; ഈ അധ്യയന വർഷം നടപ്പാക്കും: വി.ശിവന്‍കുട്ടി

single-img
5 November 2022

സ്കൂൾ കുട്ടികൾക്ക് ആഴ്ചയിൽ ഒരിക്കൽ 100 ഗ്രാം കപ്പലണ്ടി മിഠായി നൽകുന്ന പദ്ധതി ഈ അധ്യയന വർഷം നടപ്പിലാക്കാന്‍ ആലോചിക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. വയനാട്, ഇടുക്കി ജില്ലകളിലെയും പാലക്കാട് ജില്ലയിലെ ട്രൈബൽ മേഖലകളിലേ കുട്ടികൾക്കാണ് കപ്പലണ്ടി മിഠായി നൽകുന്നത്. കേന്ദ്ര ധനസഹായത്തോടെ പദ്ധതിയുടെ ഫ്ലക്സി ഫണ്ട് ഉപയോഗിച്ചായിരിക്കും ഇത് നടപ്പാക്കുക.

കൂടാതെ വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്താൻ പദ്ധതിയുണ്ടെന്നും വി.ശിവൻകുട്ടി പറഞ്ഞു. ഇതിന്റെ ഭാ​ഗമായി എല്ലാ സ്കൂളിലും നവംബർ 30-നകം പച്ചക്കറി തോട്ടങ്ങൾ സജ്ജീകരിക്കണമെന്നും ശിവൻകുട്ടി നിർദ്ദേശം നൽകി. തിരുവനന്തപുരത്ത് സംസ്ഥാനത്തെ 163 ഉച്ചഭക്ഷണ ഓഫീസർമാരുടെയും 14 ഉച്ചഭക്ഷണ സൂപ്പർവൈസർമാരുടെയും യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ലഭ്യമായ സ്ഥല സൗകര്യം പ്രയോജനപ്പെടുത്തി, അടുക്കള പച്ചക്കറി തോട്ടങ്ങൾ നവംബര്‍ 30നകം സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉച്ചഭക്ഷണ സൂപ്പർവൈസർമാർ, ഉച്ചഭക്ഷണ ഓഫീസർമാർ എന്നിവർ ഉറപ്പ് വരുത്തണമെന്നും മന്ത്രി നിർദ്ദേശം നൽകി.