ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം

single-img
8 August 2023

കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ. ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം. രാജ്യത്തിന്റെ ഭരണഘടനയിലുള്ള സിവിൽ കോഡല്ല സംഘപരിവാറിന്റെ മനസിലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏക സിവില്‍ കോഡ് ജനങ്ങൾക്ക് മേൽ അടിച്ചേല്‍പ്പിക്കാനുള്ള ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര സർക്കാർ നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് കേരള നിയമസഭ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. സാധാരണക്കാരായ ജനങ്ങളുടെ ഒരുമയെ ഛിദ്രീകരിക്കാനുള്ള വര്‍ഗ്ഗീയ നീക്കമാണ് ഏക സിവിൽ കോഡെന്നും രാഷ്ട്രത്തിന്റെ ഐക്യത്തിന് ഇത്‌ ഹാനികരമാണെന്നും പ്രമേയം പറയുന്നു.

ഇന്ത്യൻ ജനതയെ ഒന്നാകെ ബാധിക്കുന്ന വിഷയങ്ങളില്‍ വിവിധ മതവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി പൊതുസമീപനം ഉരുത്തിരിയുന്നതുവരെ, തിടുക്കത്തിലുള്ള നീക്കങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള നിയമസഭ ഏകകണ്‌ഠേന ആവശ്യപ്പെട്ടു.