പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ശോഭാ സുരേന്ദ്രന് അഭിപ്രായ സർവെയിൽ പിന്തുണ; സ്ഥാനാർഥിയാക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഔദ്യോഗിക നേതൃത്വം

single-img
3 October 2024

പാലക്കാട് മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് അഭിപ്രായ സർവെയിൽ പിന്തുണ. 34 പേരുടെ പിന്തുണ ശോഭയ്ക്ക് ലഭിച്ചെങ്കിലും കെ സുരേന്ദ്രന്റെ കീഴിലുള്ള ഔദ്യോഗിക പക്ഷം ശോഭപക്ഷത്തെ അവഗണിക്കുന്നതായി പരാതിയുണ്ട്.

മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാണ് അഭിപ്രായ സർവേയുടെ ചുമതല വഹിച്ചത് . ഒരു കാരണവശാലും ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ്‌ ഔദ്യോഗിക നേതൃത്വം.

ശോഭയ്ക്ക് പകരമായി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ, ജില്ലാ പ്രസിഡന്റ്‌ കെ എം ഹരിദാസ്‌ എന്നിവരുടെ പേരുകൾ സ്ഥാനാർഥി പട്ടികയിലേക്ക്‌ നിർദേശിച്ചതായാണ്‌ വിവരം. അതേസമയം, ശോഭ സുരേന്ദ്രന്റെ പേര്‌ ആരും നിർദേശിച്ചില്ലെന്ന്‌ വരുത്തിത്തീർത്ത്‌ കേന്ദ്ര നേതൃത്വത്തിന്‌ റിപ്പോർട്ട്‌ നൽകാനാണ്‌ നീക്കമെന്ന്‌ ആക്ഷേപമുണ്ട്‌. ഏകപക്ഷീയമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ നേരിടുമെന്ന് ശോഭ പക്ഷം മുന്നറിയിപ്പ്‌ നൽകിയെന്നാണ് വിവരം.