പാക് മാധ്യമപ്രവർത്തക റാബിയ അഹ്‌സനെ വെടിവെച്ചുകൊന്നു; ഭർത്താവ് അറസ്റ്റിൽ

പാകിസ്ഥാനിലെ പ്രമുഖ മാധ്യമപ്രവർത്തക റാബിയ അഹ്‌സനെ റാവൽപിണ്ടിയിലെ വസതിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ചയായിരുന്നു സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് അഹ്‌സൻ താഹിറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്.
41കാരിയായ റാബിയയെ കിടപ്പുമുറിയിൽ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് എഫ്‌ഐആറിലുള്ളത്. വെടിയൊച്ച കേട്ട് ഓടിയെത്തിയ സഹോദരിയാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ റാബിയയെ കണ്ടെത്തിയത്. സംഭവസ്ഥലത്ത് പിസ്റ്റളുമായി ഭർത്താവും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
പൊലീസ് നടത്തിയ പരിശോധനയിൽ റാബിയയുടെ ശരീരത്തിൽ വെടിയേറ്റ പാടുകൾ കണ്ടെത്തി. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന .30 ബോർ പിസ്റ്റളും വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു. പാകിസ്ഥാനിലെ ’92 ന്യൂസ്’ മാധ്യമസ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു റാബിയ. ഭർത്താവ് അഹ്‌സൻ താഹിർ ഓവർസീസ് പാകിസ്ഥാനീസ് ഫൗണ്ടേഷനിൽ ഡെപ്യൂട്ടി ഡയറക്ടറാണ്.


