യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടി; ആദ്യ ഫലസൂചനകളിൽ ഡെമോക്രാറ്റുകൾക്ക് മുൻതൂക്കം

single-img
4 November 2026

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ പുറത്തുവരുമ്പോൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും തിരിച്ചടി. ഫലം പ്രഖ്യാപിച്ച ഡെലവെയർ, ജോർജിയ, ഇല്ലിനോയിസ്, മസാച്യുസെറ്റ്സ്, ന്യൂജേഴ്സി, റോഡ് ഐലൻഡ്, വെർജീനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികൾ വിജയിച്ചു. നിർണായകമായ നിരവധി സീറ്റുകളിൽ പോരാട്ടം തുടരുന്നതിനിടെ ആദ്യ ഫലസൂചനകൾ ഡെമോക്രാറ്റിക് ക്യാമ്പിന് ആശ്വാസം പകരുന്നതാണ്.

ട്രംപിന്റെ രണ്ടാം ഭരണകാലത്തെ ആദ്യ രണ്ട് വർഷത്തെ പ്രവർത്തനങ്ങളുടെ വിലയിരുത്തലായാണ് തെരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. നോർത്ത് കരോലിനയിൽ മുൻ ഗവർണർ റോയ് കൂപ്പർ ട്രംപിന്റെ പിന്തുണയുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്കൽ വാട്ടിയെ പരാജയപ്പെടുത്തി. റിപ്പബ്ലിക്കൻ പാർട്ടിയുടെ കൈവശമുണ്ടായിരുന്ന സെനറ്റ് സീറ്റ് ഡെമോക്രാറ്റുകൾക്കായി പിടിച്ചെടുത്തതോടെ സെനറ്റിലെ ഭൂരിപക്ഷത്തിനായുള്ള പോരാട്ടത്തിൽ പാർട്ടിക്ക് നിർണായക മുന്നേറ്റമുണ്ടായി.

ജോർജിയയിൽ ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഒസോഫ് വിജയിച്ചു. റിപ്പബ്ലിക്കൻ സ്ഥാനാർഥിയും ജനപ്രതിനിധി സഭാംഗവുമായ മൈക്ക് കോളിൻസിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളുടെ സാധ്യതയുള്ള സ്ഥാനാർഥികളിലൊരാളായി വിലയിരുത്തപ്പെടുന്ന ഒസോഫിന്റെ വിജയം ശ്രദ്ധേയമായി.

ഫലം പുറത്തുവന്ന 14 സെനറ്റ് സീറ്റുകളിൽ 11 എണ്ണത്തിലും ഡെമോക്രാറ്റിക് പാർട്ടിയാണ് വിജയിച്ചത്. 21 സീറ്റുകളിലെ ഫലം കൂടി പുറത്തുവരാനുണ്ട്. മിഷിഗണിലെ സെനറ്റ് സീറ്റിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി അബ്ദുൽ എൽ-സയീദ് 54.9 ശതമാനം വോട്ടുമായി മുന്നിലാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അമേരിക്കൻ ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളിൽ 35 എണ്ണത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. 36 സംസ്ഥാനങ്ങളിലെ ഗവർണർ സ്ഥാനങ്ങളിലേക്കും വോട്ടെടുപ്പ് നടന്നു. ഏകദേശം 21 കോടി പേർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതായാണ് കണക്ക്. ജനപ്രതിനിധി സഭയിലെ നൂറിലധികം സീറ്റുകളിൽ ഡെമോക്രാറ്റുകൾ വിജയിച്ചതായും റിപ്പബ്ലിക്കൻ പാർട്ടിക്ക് ഇതുവരെ 68 സീറ്റുകൾ മാത്രമാണ് ലഭിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

ആദ്യ എക്സിറ്റ് പോൾ ഫലങ്ങളും ട്രംപിന് അനുകൂലമായിരുന്നില്ല. അമേരിക്കയിൽ വർധിച്ചുവരുന്ന ജീവിതച്ചെലവ് ഉയർത്തിക്കാട്ടിയായിരുന്നു ഡെമോക്രാറ്റുകളുടെ പ്രചാരണം. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടി തന്നെ വിജയിക്കുമെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. ബാലറ്റ് പേപ്പറിൽ തന്റെ പേരുണ്ടെന്ന് കരുതി വോട്ട് ചെയ്യണമെന്ന് അദ്ദേഹം വോട്ടർമാരോട് ആഹ്വാനം ചെയ്തിരുന്നു.

ജനപ്രതിനിധി സഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകൾക്ക് ലഭിക്കുമെന്നാണ് പുറത്തുവന്ന അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്. എന്നാൽ സെനറ്റിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുക പാർട്ടിക്ക് കൂടുതൽ വെല്ലുവിളിയാകും. റിപ്പബ്ലിക്കൻ പാർട്ടിയുടെ കൈവശമുള്ള നാല് സീറ്റുകൾ പിടിച്ചെടുക്കുന്നതിനൊപ്പം നിലവിലുള്ള എല്ലാ സീറ്റുകളും നിലനിർത്തേണ്ടതുണ്ട്. ഉച്ചയോടെ പൂർണമായ ഫലങ്ങൾ പുറത്തുവരുമെന്നാണ് സൂചന.