ആർഎസ്എസിനെതിരെ ഒവൈസി

single-img
22 October 2022

‘ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫ് ജവാൻമാർ ഉറങ്ങുകയാണോ?’ എന്ന് ആർഎസ്എസ് രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ ഉയർത്തിക്കാട്ടുകയും നുഴഞ്ഞുകയറ്റത്തെ കുറ്റപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ എഐഎംഐഎം മേധാവി അസദ്ദീൻ ഒവൈസി പരിഹസിച്ചു.

അയൽ രാജ്യമായ ബംഗ്ലദേശിൽ നിന്ന് ഇന്ത്യയിലേക്ക് ആളുകൾ വരുന്നുണ്ടെങ്കിൽ നിങ്ങളുടെ ബിഎസ്എഫ് ജവാൻമാർ അതിർത്തിയിൽ എന്താണ് ചെയ്യുന്നത്? ബിരിയാണി കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നു, അതുകൊണ്ടാണ് ഇത്തരം അനധികൃത നുഴഞ്ഞുകയറ്റം നിയന്ത്രിക്കുന്നതിൽ അവർ പരാജയപ്പെടുന്നതെന്നും ഒവൈസി പറഞ്ഞു.

ഇരതേ ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലെ ബുധനാഴ്ച ജനസംഖ്യാ അസന്തുലിതാവസ്ഥയുടെ കാരണങ്ങൾ നിരത്തുകയും അത് വിവാദത്തിന് കാരണമാകുകയും ചെയ്തിരുന്നു. ബംഗ്ലാദേശിൽ നിന്നുള്ള മതപരിവർത്തനവും കുടിയേറ്റവുമാണ് ജനസംഖ്യാ അസന്തുലിതാവസ്ഥയുടെ പ്രാഥമിക കാരണമായി ഹൊസബലെ മുദ്രകുത്തിയത്.

ഈയാഴ്ച ആദ്യം പ്രയാഗ്‌രാജിൽ നടന്ന ആർഎസ്‌എസിന്റെ നാല് ദിവസത്തെ അഖിലേന്ത്യാ പ്രവർത്തക സമിതി യോഗത്തിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യവെ, മതപരിവർത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് സംഘം ശ്രമിക്കുന്നതെന്ന് ആർഎസ്‌എസ് നേതാവ് പറഞ്ഞു.

മതപരിവർത്തനം കഴിഞ്ഞാൽ ജനസംഖ്യാ അസന്തുലിതാവസ്ഥയുടെ രണ്ടാമത്തെ വലിയ കാരണം ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റമാണെന്ന് ഹൊസബലെ അവകാശപ്പെട്ടു. “ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം മൂലമുണ്ടാകുന്ന ജനസംഖ്യാ അസന്തുലിതാവസ്ഥ വടക്കൻ ബിഹാറിലെ പൂർണിയ, കതിഹാർ ഉൾപ്പെടെയുള്ള ജില്ലകളിലും മറ്റ് സംസ്ഥാനങ്ങളിലും കാണപ്പെടുന്നു,” അദ്ദേഹം പറഞ്ഞു.