ബിജെപിക്കെതിരെ വിശാല സഖ്യത്തിനായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്നും നാളെയുമായി ബെംഗളൂരുവിൽ 

single-img
17 July 2023

ബെംഗളൂരു: ബിജെപിക്കെതിരെ വിശാല സഖ്യത്തിനായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്നും നാളെയുമായി ബെംഗളൂരുവിൽ ചേരും. 24 പാർട്ടികൾ പങ്കെടുക്കും. ദില്ലി ഓർഡിനൻസിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ എഎപിയും യോഗത്തിനെത്തും. വൈകിട്ട് ആറ് മണി മുതൽ എട്ട് മണി വരെ ആദ്യയോഗം നടക്കും. തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ഒരുക്കുന്ന വിരുന്നിൽ നേതാക്കള്‍ പങ്കെടുക്കും.

നാളെ രാവിലെ 11 മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് പ്രധാന യോഗം. സഖ്യത്തിന് പേര് നൽകുന്നതിലടക്കം നാളെ തീരുമാനമുണ്ടാകും. സീറ്റ് വിഭജനത്തിലും പ്രാഥമിക ചർച്ചയുണ്ടാകും. പ്രതിപക്ഷത്തിന്‍റെ രണ്ടാമത്തെ യോഗമാണ് ബെംഗളൂരുവിലേത്. പട്‍നയിലായിരുന്നു ആദ്യയോഗം. ഏക സിവിൽ കോഡ്, എൻസിപിയിലെ പിളർപ്പ് എന്നീ വിഷയങ്ങളിൽ എടുക്കേണ്ട നിലപാടിൽ യോഗത്തിൽ ചർച്ചയുണ്ടാകും. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ പാർട്ടികൾ ചേർന്ന് മൂന്ന് വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിച്ച് ഒരു പൊതു അജണ്ടയോടെ പ്രവർത്തിക്കേണ്ടതെങ്ങനെ എന്നതിലാകും ചർച്ചകളിൽ ഊന്നൽ നൽകുക.

നാല് മണിക്ക് ശേഷം പ്രതിപക്ഷനേതൃനിരയിലെ നേതാക്കൾ സംയുക്തമായി വാർത്താസമ്മേളനം നടത്തും. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ ഒരു ബദൽ ഐക്യം ഉയർത്തിക്കാട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഇത് രണ്ടാം തവണയാണ് പ്രതിപക്ഷ പാർട്ടികൾ യോഗം ചേരുന്നത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോൺഗ്രസ് സംഘടിപ്പിക്കുന്ന ഡിഎംകെ, തൃണമൂൽ, ജെഡിയു, ആർജെഡി, എൻസിപി, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, കേരളാ കോൺഗ്രസ് പാർട്ടികൾ എന്നിങ്ങനെ ഇന്ന് ഉച്ചയോടെ മമതാ ബാനർജി, നിതീഷ് കുമാർ, തേജസ്വി യാദവ്, അഖിലേഷ് യാദവ്, എം കെ സ്റ്റാലിൻ എന്നിവരടക്കമുള്ള നേതാക്കൾ ബെംഗളുരുവിൽ എത്തിച്ചേരും.

സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും അടക്കമുള്ള നേതാക്കൾ രാവിലെ തന്നെ എത്തും. രാവിലെ 11 മണിക്ക് യോഗനടപടികൾ വിശദീകരിക്കാൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ വേണ്ട തന്ത്രങ്ങൾ യോഗത്തിൽ ചർച്ചയാകും.

അതിനിടെ പ്രതിപക്ഷ യോഗത്തിന് ബെംഗളൂരുവിൽ തുടക്കമാകുമ്പോൾ എൻഡിഎ യോഗം നാളെ ദില്ലിയിൽ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗത്തിൽ പങ്കെടുക്കും.30 ഓളം പാർട്ടികൾ പങ്കെടുത്തേക്കും. പാർലമെൻറിലും, പുറത്തും പ്രതിപക്ഷ നീക്കത്തെ ചെറുക്കാനുള്ള മറുതന്ത്രങ്ങൾ യോഗത്തിൽ ചർച്ചയാകും.