ഇന്ത്യൻ സമ്പദ് വ്യവസ്ഥ സുരക്ഷിതമെന്ന് കരുതുന്നത് കേന്ദ്ര സർക്കാർ മാത്രം: പി ചിദംബരം

single-img
7 October 2022

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ സുരക്ഷിതമാണെന്ന് കരുതുന്നത് കേന്ദ്ര സർക്കാർ മാത്രമാണെന്നും അനുയോജ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമ്പദ് വ്യവസ്ഥ അപകടത്തിലാകുമെന്നും കോൺഗ്രസ് എം പിയും മുൻ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയുമായിരുന്ന പി ചിദംബരം.

വർദ്ധിച്ചുവരുന്ന വിലക്കയറ്റവും രൂപയുടെ മൂല്യത്തകർച്ചയും റഷ്യ- ഉക്രൈൻ സംഘർഷം കാരണമാണെന്നുള്ള കേന്ദ്ര സർക്കാർ വാദത്തെ അദ്ദേഹം തള്ളികളഞ്ഞു. അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ കുത്തനെ ഇടിയുകയാണുണ്ടായത്. നിലവിൽ വിപണിയിൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് രൂപ.

അന്താരാഷ്ട്ര തലത്തിൽ എണ്ണവില കുതിച്ചുയരുന്നതും ഡോളർ സൂചിക കുതിച്ചതും രൂപയെ തളർത്തി. ഇതോടുകൂടി രൂപ യുഎസ് ഡോളറിനെതിരെ 82.22 എന്ന റെക്കോർഡ് താഴ്ചയിലെത്തി. ഇന്ത്യൻ രൂപ മറ്റ് രാജ്യങ്ങളുടെ കറൻസികളെക്കാൾ മികച്ചതാണെന്ന കേന്ദ്ര സർക്കാർ വാദത്തോടും ചിദംബരം രൂക്ഷമായാണ് പ്രതികരിച്ചത്. ഇന്ത്യ പല മേഖലയിലും പിന്നോക്കമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ കോൺഗ്രസ് നയിച്ച യുപിഎ സർക്കാർ ഭരിച്ചിരുന്നപ്പോഴും രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. പക്ഷെ തങ്ങൾ അധികാരം ഒഴിയുന്നതിന് മുമ്പായി തന്നെ അതിനെല്ലാം പരിഹാരം കണ്ടിരുന്നതായും രൂപയുടെ മൂല്യത്തകർച്ചയെ പ്രതിരോധിക്കാൻ നിരവധി നടപടികൾ സ്വീകരിച്ചിരുന്നുവെന്നും ചിദംബരം വെളിപ്പെടുത്തി.