എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം പ്രഖ്യാപിച്ചു; ഐക്യ പ്രമേയം പാസായതായി വെള്ളാപ്പള്ളി നടേശൻ

എൻഎസ്എസ്–എസ്എൻഡിപി ഐക്യം പ്രഖ്യാപിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഐക്യ പ്രഖ്യാപനം നടത്തിയത്. ഐക്യം സാധ്യമാക്കുന്നതിൽ പ്രധാന ഇടപെടൽ നടത്തിയ എൻഎസ്എസിനോട് നന്ദിയുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായറുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എസ്എൻഡിപി കൗൺസിൽ അംഗങ്ങളുടെ അംഗീകാരത്തോടെ ഐക്യപ്രമേയം പാസായതിന് പിന്നാലെയായിരുന്നു നടേശന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ കാറിൽ കയറിയത് വിവാദമായപ്പോൾ അതിൽ തെറ്റില്ലെന്ന നിലപാടെടുത്തതായും, അതുവഴി തനിക്കും സമുദായത്തിനും സുകുമാരൻ നായർ വലിയ ആത്മബലം നൽകിയതായും അദ്ദേഹം പറഞ്ഞു. ഐക്യവുമായി ബന്ധപ്പെട്ട തുടർചർച്ചകൾക്കായി തുഷാർ വെള്ളാപ്പള്ളി അവിടെ പോകുമെന്നും അറിയിച്ചു.
ഈ ഐക്യം മറ്റ് മതങ്ങളോടുള്ള വിദ്വേഷത്തിനല്ലെന്നും, സാമൂഹിക നീതിക്കായി സമാനചിന്താഗതിക്കാരായ സമുദായങ്ങളുമായി ചേർന്നുള്ള ശ്രമമാണെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. നായാടി മുതൽ നസ്രാണി വരെ ഉൾപ്പെടുന്ന വിശാലമായ ഐക്യമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇനി എല്ലാ വിഷയങ്ങളിലും എൻഎസ്എസുമായി ചേർന്നായിരിക്കും തീരുമാനങ്ങളെടുക്കുകയെന്നും, പരസ്പരം കൊമ്പുകോർക്കില്ലെന്നും, ഒരു സമുദായത്തോടും വിരോധമില്ലെന്നും നടേശൻ കൂട്ടിച്ചേർത്തു.


