സർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കകം പുതിയ ബാറുകൾക്ക് അനുമതി; എക്സൈസ് കമ്മീഷണറോട് റിപ്പോർട്ട് തേടി മന്ത്രി

യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ പുതിയ ബാറുകൾക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. നെടുമ്പാശേരി വിമാനത്താവളത്തിലെ ആഭ്യന്തര യാത്രക്കാരുടെ ലോഞ്ചിൽ പ്രവർത്തിക്കുന്ന ട്രാവൽ ഫുഡ് സർവീസസ് ലിമിറ്റഡ് എന്ന കമ്പനിക്ക് രണ്ട് എഫ്എൽ 7 (FL 7) ലോഞ്ച് ബാറുകൾക്കാണ് ലൈസൻസ് അനുവദിച്ചത്. കഴിഞ്ഞ ജൂൺ 22ന് എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവു ഇതുസംബന്ധിച്ച ഉത്തരവിറക്കി. സംഭവത്തിൽ എക്സൈസ് കമ്മീഷണറോട് മന്ത്രി എം. ലിജു അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.
എക്സൈസ് കമ്മീഷണറുടെ നടപടികളിൽ മന്ത്രി കടുത്ത അതൃപ്തിയിലാണെന്നാണ് റിപ്പോർട്ടുകൾ. എറണാകുളത്തും കോട്ടയത്തും ബാറുകളുടെ ലൈസൻസ് വിഭാഗം മാറ്റി നൽകിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ ന്യായീകരിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ കമ്മീഷണറുടെ ഭാഗത്തുനിന്നുണ്ടായതും മന്ത്രിയുടെ അതൃപ്തിക്ക് കാരണമായെന്നാണ് വിവരം.
വിവാദങ്ങൾ തുടർന്നതോടെ എക്സൈസ് കമ്മീഷണറെ മാറ്റുന്നതടക്കമുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങിയേക്കുമെന്നാണ് സൂചന. പുതിയ ബാർ ലൈസൻസുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് കമ്മീഷണർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളെന്നാണ് വിവരം.


