മസ്റ്ററിങ്ങിന്റെ പേരിൽ കിടപ്പുരോഗികളെയും പാവപ്പെട്ടവരെയും പെൻഷൻ പട്ടികയിൽനിന്ന് ഒഴിവാക്കുന്നു; സർക്കാരിനെതിരെ തോമസ് ഐസക്

single-img
3 November 2026

കിടപ്പുരോഗികളുടെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെയും പ്രയാസങ്ങൾ പരിഗണിക്കാതെയാണ് മസ്റ്ററിങ്ങിന്റെ പേരിൽ ക്ഷേമപെൻഷൻ പട്ടികയിൽനിന്ന് ആളുകളെ ഒഴിവാക്കുന്നതെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. നിരവധി പേർക്ക് പെൻഷൻ നഷ്ടമായ സംഭവത്തിൽ കൈരളി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം 32 ലക്ഷത്തിൽനിന്ന് 62 ലക്ഷമായി ഉയർത്തിയിരുന്നു. മസ്റ്ററിങ് പൂർത്തിയാക്കാൻ കാലതാമസമുണ്ടായാൽ സമയപരിധി നീട്ടിനൽകുകയായിരുന്നു അന്നത്തെ രീതിയെന്നും ആളുകളെ പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു.

ക്ഷേമനിധി പെൻഷനും വയോജന പെൻഷനും ഒരേസമയം ലഭിച്ചിരുന്നവർക്ക് ഒരു പെൻഷൻ മാത്രമേ അനുവദിക്കൂ എന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി 600 രൂപയുടെ പെൻഷൻ റദ്ദാക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മസ്റ്ററിങ്ങിനെ ക്ഷേമപെൻഷനുകൾ ഇല്ലാതാക്കാനുള്ള ഉപാധിയാക്കി സർക്കാർ മാറ്റുകയാണെന്ന് എം.വി. ഗോവിന്ദനും നേരത്തെ വിമർശിച്ചിരുന്നു.

മസ്റ്ററിങ് പൂർത്തിയാക്കാത്തതിന്റെ പേരിൽ കൊല്ലം ജില്ലയിൽ മാത്രം 37,296 പേരാണ് പെൻഷൻ പട്ടികയിൽനിന്ന് പുറത്തായത്. ഇതിൽ 19,353 പേർക്ക് വയോജന പെൻഷനും ആറായിരത്തിലധികം പേർക്ക് വിധവാ പെൻഷനുമാണ് നഷ്ടമായത്. ഭിന്നശേഷി പെൻഷൻ ഉൾപ്പെടെയുള്ള മറ്റ് ക്ഷേമപെൻഷനുകളിൽനിന്നും നിരവധി പേരെ ഒഴിവാക്കിയതായാണ് കണക്ക്.