പണപ്പിരിവിന് നേതാക്കൾ; സമരാഗ്‌നി സമാപന വേദിയില്‍ നോട്ട് എണ്ണുന്ന യന്ത്രവും

single-img
1 March 2024

കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരാഗ്‌നി സമാപന വേദിയില്‍ നോട്ട് എണ്ണുന്ന യന്ത്രവും ഇടംനേടി . സമ്മേളനവേദിയുടെ പിറകില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ് മെഷീനുമായി പണപ്പിരിവിന് നേതാക്കളെ നിയോഗിച്ചിരുന്നത്. ജോതികുമാര്‍ ചാമക്കാലയാണ് മെഷീനില്‍ നോട്ട് എണ്ണുന്നത് എന്ന് കൈരളി ന്യൂസ് റിപ്പോർട്ട് ചെയ്തു .

സാധാരണ രീതിയിൽ കോണ്‍ഗ്രസ് ജാഥകളില്‍ നയിക്കുന്ന ആളിന് ലഭിക്കുന്ന നോട്ടുഹാരവും കമ്മിറ്റികള്‍ക്ക് കോട്ട നിശ്ചയിച്ച തുകയും ചുമതപ്പെടുത്തുന്ന ആള്‍ വാങ്ങുകയാണ് പതിവ്. എന്നാൽ ഇക്കുറി കുറച്ചുകൂടി ഹൈടെക് ആണ്. കോൺഗ്രസിന്റെ വിവിധ കമ്മിറ്റികള്‍ ശേഖരിച്ചുകൊണ്ടുവരുന്ന ജാഥാഫണ്ട് എണ്ണിനോക്കുന്നതിനാണ് മെഷീന്‍ ഉപയോഗിച്ചത് എന്നാണ് ഡിസിസി നേതാക്കളുടെ വിശദീകരണം.

പ്രവർത്തകരിൽ നിന്നും പിരിച്ചെടുത്ത പണം അടിച്ചുമാറ്റി ആരുടെയും പോക്കറ്റിലേക്ക് പോകാതെ എണ്ണിത്തിട്ടപ്പെടുത്തുന്നതിന് കെപിസിസി നേതൃത്വമാണ് മെഷീനുമായി ആളെ നിയോഗിച്ചതെന്നും നേതാക്കളില്‍ ചിലര്‍ അടക്കം പറയുന്നു.