ത്രിപുരയിലെ പോലെ ഇനി കോൺഗ്രസ് സഖ്യത്തിന് കമ്യൂണിസ്റ്റ് പാർട്ടി തയ്യാറാകുമെന്ന് തോന്നുന്നില്ല: വെള്ളാപ്പള്ളി നടേശൻ

single-img
4 March 2023

ത്രിപുരയിൽ പരീക്ഷിച്ചത് പോലെ പോലെ കോൺഗ്രസ്- കമ്യൂണിസ്റ്റ് സഖ്യം കേരളത്തിൽ ഒരിക്കലും സംഭവിക്കില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ത്രിപുരയിൽ ഇത്തവണ ഉണ്ടാക്കിയ ഐക്യം ഒരു പരാജയമായിരുന്നു എന്ന് അനുഭവം കൊണ്ട് ഇരുകൂട്ടരും മനസിലാക്കി.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ അത് വ്യക്തവുമാണ്. കമ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും തമ്മിൽ യോജിക്കുക എന്നൊരു ആശയം പണ്ടുതൊട്ടേ ഉണ്ടെങ്കിലും ഇപ്പോൾ ആദ്യമായി പരീക്ഷിച്ചത് ത്രിപുരയിലാണ്. ആ പരീക്ഷണത്തിൽ നഷ്ടം വന്നത് കമ്യൂണിസ്റ്റ് പാർട്ടിക്കാണ്. കോൺഗ്രസിനാവട്ടെ ചെറിയ നേട്ടവുമുണ്ടായി.

എന്നാൽ ഇത്തരത്തിൽ നഷ്ടം വരുത്തിക്കൊണ്ടുള്ള ഒരു ഐക്യത്തിന് കമ്യൂണിസ്റ്റ് പാർട്ടി തയ്യാറാകുമെന്ന് തോന്നുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. രാജ്യത്ത് ഇനി ഇത്തരത്തിൽ ഒരു ഐക്യം എവിടെയും ഉണ്ടാകാൻ സാധ്യതയില്ല. കേരളത്തിൽ കമ്യൂണിസ്റ്റ്- കോൺഗ്രസ് ഐക്യത്തിനുള്ള ഒരു സാധ്യതയുമില്ലെന്ന കാര്യം ഉറപ്പാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

രണ്ടു പാർട്ടികളും അവരുടെ ഐഡന്റിറ്റി നിലനിർത്തിക്കൊണ്ട് പ്രവർത്തിക്കുമെന്നാണ് കരുതുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. രാഷ്ട്രീയ കൂട്ടുകെട്ടുകളൊക്കെ രാജ്യം ഒരുപാട് കണ്ടതാണ്, ബാക്കിയൊക്കെ കാത്തിരുന്നു കാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ത്രിപുരയിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യത്തിന് മാധ്യമങ്ങളോട് മറുപടി പറയുകയായിരുന്നു വെള്ളാപ്പള്ളി.