പ്രപഞ്ചത്തിലെ ഒരു ശക്തിക്കും ഇനി ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ കഴിയില്ല: പ്രധാനമന്ത്രി

single-img
17 December 2023

ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസർക്കാർ റദ്ദാക്കിയതിനെക്കുറിച്ചുള്ള സുപ്രീം കോടതി വിധിക്ക് ശേഷം മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രപഞ്ചത്തിലെ ഒരു ശക്തിക്കും ഇനി ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്ന് മോദി പറഞ്ഞു.ഒരു രാജ്യത്ത് രണ്ട് നിയമനിര്‍മ്മാണങ്ങള്‍ നടത്താന്‍ കഴിയില്ലെന്ന് സുപ്രീം കോടതി സ്ഥിരീകരിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങള്‍ക്ക് ഏത് രാഷ്ട്രീയത്തേക്കാളും പ്രധാനമാണ്. ജമ്മു കശ്മീരിലെ വികസനത്തിനും ജനങ്ങളുടെ സുഗമമായ ജീവിതത്തിനും അത് ആവശ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ പിഡിപിയെയും നാഷണല്‍ കോണ്‍ഫറന്‍സിനെയും മോദി വിമര്‍ശിച്ചു. ചില കുടുംബാംഗങ്ങള്‍ അവരുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ഇത് പിടിച്ചെടുത്തു. ജമ്മു കശ്മീരിലെ സാധാരണക്കാര്‍ ഒരു സ്വാര്‍ത്ഥ രാഷ്ട്രീയത്തിന്റെയും ഭാഗമോ ആകാന്‍ ആഗ്രഹിക്കുന്നവരോ അല്ല. ഭൂതകാലത്തിലെ പ്രശ്‌നങ്ങളെ അതിജീവിച്ച് രാജ്യത്തെ ഒരു സാധാരണ പൗരനെപ്പോലെ ഒരു വിവേചനവുമില്ലാതെ തന്റെ മക്കളുടെ ഭാവിയും വര്‍ത്തമാനവും സുരക്ഷിതമാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിന് ശേഷം ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും ചിത്രം മാറി. ഇപ്പോള്‍ അവിടെ സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നു. അവിടെ തീവ്രവാദികളില്ല. ഇപ്പോള്‍ വിനോദസഞ്ചാരികളുടെ മേളയാണ് നടക്കുന്നത്. ഇപ്പോള്‍ അവിടെ കല്ലേറില്ല.സിനിമകള്‍ ചിത്രീകരിക്കുന്നുണ്ട്. ഇന്നും ആര്‍ട്ടിക്കിള്‍ 370 നെ കുറിച്ച് രാഷ്ട്രീയ താല്‍പര്യം കൊണ്ട് ആശയക്കുഴപ്പം പരത്തുന്നവരോട് ഞാന്‍ തുറന്ന് പറയാന്‍ ആഗ്രഹിക്കുന്നു- പ്രപഞ്ചത്തിലെ ഒരു ശക്തിക്കും ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ കഴിയില്ല.’, മോദി വ്യക്തമാക്കി.