കേരളത്തില്‍ നിപ സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധന ഫലം വന്നിട്ടില്ല: മന്ത്രി വീണ ജോര്‍ജ്

single-img
12 September 2023

കേരളത്തില്‍ ഇതുവരെ നിപ സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധന ഫലം വന്നില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മഹാരാഷ്ട്രയിലെ പുനെയില്‍ നിന്നുള്ള പരിശോധന ഫലം കിട്ടിയിട്ടില്ലെന്നാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.

സംസ്ഥാനം സാമ്പിളുകള്‍ അയച്ച കാര്യം കേന്ദ്രമന്ത്രിയെ അറിയിച്ചിരുന്നു. ഈ കാര്യമായിരിക്കാം കേന്ദ്രമന്ത്രി പറഞ്ഞതെന്നാണ് വീണ ജോര്‍ജ് പ്രതികരിച്ചത്. അഞ്ച് സാമ്പിളുകളുടെ പരിശോധന ഫലം കാത്തിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചുവെന്ന കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു മന്ത്രി വീണ ജോര്‍ജിന്റെ പ്രതികരണം.

കോഴിക്കോട് ജില്ലയിൽ മരിച്ച രണ്ട് പേർക്ക് പൂനയിലെ വൈറോളജി ലാബിൽ നിപ സ്ഥിരീകരിച്ചെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. സ്ഥിതി വിലയിരുത്താൻ കേന്ദ്ര സംഘത്തെ സംസ്ഥാനത്തേക്ക് അയക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കേണ്ടതുണ്ട്. മരിച്ചയാളുമായി സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.