‘പോടാ പുല്ലേ പൊലീസേ’ ; മുദ്രാവാക്യം വിളിയിൽ ആർ. ശ്രീലേഖയെ വിമർശിച്ച് ഡിജിപി

single-img
26 April 2026

‘പോടാ പുല്ലേ പൊലീസേ’ എന്ന മുദ്രാവാക്യം വിളിയിൽ ആർ. ശ്രീലേഖയെ വിമർശിച്ച് ഡിജിപി റവാഡാ ചന്ദ്രശേഖർ. ശ്രീലേഖ പൊലീസിനോട് അനുഭാവത്തോടെ പെരുമാറേണ്ടിയിരുന്നുവെന്ന് റവാഡാ ചന്ദ്രശേഖർ പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥയും സഹപ്രവർത്തകയുമായിരുന്നു. ശ്രീലേഖയ്‌ക്കെതിരായ കേസ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഡിജിപി റവാഡാ ചന്ദ്രശേഖർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ‘പോടാ പുല്ലേ പൊലീസേ’ എന്ന മുദ്രാവാക്യം വിളിച്ച മുന്‍ ഡിജിപി ആര്‍. ശ്രീലേഖയെ പൊലീസ് പ്രതിയാക്കിയത്. ബിജെപി-പൊലീസ് സംഘര്‍ഷത്തിനു ശേഷം മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ വട്ടിയൂര്‍കാവ് പൊലീസ് സ്‌റ്റേഷനിലേക്കു നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് ആര്‍. ശ്രീലേഖയെ പ്രതിചേര്‍ത്തത്. ആദ്യം ബിജെപിയുടെ അഞ്ച് കൗണ്‍സിലര്‍മാര്‍ക്കെതിരെയും കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്കെതിരെയുമായിരുന്നു കേസ്. ശ്രീലേഖയുടെ മുദ്രാവാക്യം വിളി വിവാദമായതിനു പിന്നാലെയാണ് ഡപ്യൂട്ടി മേയര്‍ ആശാനാഥിനെയും ആര്‍. ശ്രീലേഖയെയും കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്.

കൗണ്‍സിലര്‍മാരായ സുമി ബാലു, മഞ്ജു, പ്രവര്‍ത്തകരായ അഞ്ജന, പത്മ എന്നിവരുടെ പേരുകള്‍ മാത്രമാണ് എഫ്ഐആറിലുള്ളത്. കണ്ടാലറിയാവുന്ന 50 പേരും പ്രതികളെന്ന് എഫ്ഐആറിൽ പറയുന്നുണ്ട്. മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയും പൊലീസിനെ അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്ത ശ്രീലേഖയെ പ്രതി ചേര്‍ക്കാത്തതിന് എതിരെ വി.കെ. പ്രശാന്ത് എംഎല്‍എ ഉള്‍പ്പെടെ സിപിഐഎം നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.

വിരമിച്ച ഉദ്യോഗസ്ഥരുടെ വാക്ക് കേട്ടാണോ സിറ്റി പൊലീസ് കമ്മിഷണര്‍ പ്രവര്‍ത്തിക്കുന്നതെന്ന് വി.കെ.പ്രശാന്ത് ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വട്ടിയൂര്‍കാവ് പൊലീസ് നെടുമങ്ങാട് കോടതിയില്‍ അഡീഷനല്‍ റിപ്പോര്‍ട്ട് നല്‍കിയത്. ശ്രീലേഖയെ അഞ്ചാം പ്രതിയായും ആശാനാഥിനെ ആറാം പ്രതിയായും ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.