നിപ കരുതൽ; കോഴിക്കോട് ജില്ലയിൽ ഒരാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

single-img
15 September 2023

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലയിൽ കോഴിക്കോട് ജില്ലയിൽ ഒരാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകും. ഈ സമയം ക്ലാസുകൾ ഓൺലൈനായി മാത്രം നടത്തിയാൽ മതിയെന്നാണ് നിർദ്ദേശം.

ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണ്. ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്. ഓഗസ്റ്റ് 30ന് മരിച്ച മരുതോങ്കര കള്ളാട് സ്വദേശിക്കും നിപ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇയാളിൽ നിന്നാണ് രോഗം പടർന്നത്. ഇതുവരെ സംസ്ഥാനത്ത് ആറ് പേരിലാണ് നിപ ബാധ സ്ഥിരീകരിച്ചത്. രണ്ട് പേരിൽ മരണശേഷമാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. നാല് പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

അതേസമയം, കോഴിക്കോട് കോർപ്പറേഷനിലെ ചെറുവണ്ണൂരിൽ നിപ പോസിറ്റീവായ വ്യക്തിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. കോര്‍പ്പറേഷന്‍ പരിധിയിലെ ചെറുവണ്ണൂരിലുള്ള 39 വയസ്സുള്ളയാള്‍ക്കാണ് ഏറ്റവും ഒടുവിൽ രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചു.