ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാൻ ശ്രമിച്ചു; പിഎഫ്ഐ കേസിൽ എൻഐഎ ആദ്യ കുറ്റപത്രം സമർപ്പിച്ചു

single-img
14 March 2023

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെയുള്ള ആദ്യ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. രാജസ്ഥാനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകരായ ആസിഫ് എന്ന മുഹമ്മദ് ആഷിഫ്, സാദിഖ് സറാഫ് എന്നിവരാണ് കുറ്റപത്രത്തിൽ പേരുള്ള രണ്ട് പിഎഫ്ഐ അംഗങ്ങൾ.

ഇവർ ഇപ്പോൾ എൻഐഎയുടെ കസ്റ്റഡിയിലാണ്. ആസിഫിനും സാദിഖ് സറാഫിനും എതിരെ ഐപിസിയിലെ വിവിധ വകുപ്പുകളും നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമവും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 19 ന് ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ കേന്ദ്ര ഏജൻസി സമർപ്പിച്ച ആദ്യ കുറ്റപത്രമായിരുന്നു ഇത്.

2047-ഓടെ ഇന്ത്യയെ മുസ്ലിം രാജ്യം ആക്കാനും, അതിനു വേണ്ടി ആയുധങ്ങൾ വാങ്ങുന്നതിനും പിഎഫ്‌ഐ പ്രവർത്തകർക്കായി ആയുധ, സ്‌ഫോടകവസ്തു പരിശീലന ക്യാമ്പുകൾ നടത്തുന്നതിനും സകാത്തിന്റെ പേരിൽ പണം പ്രതികൾ പണപ്പിരിവ് നടത്തിയെന്നും എൻ ഐ എ കുറ്റപത്രത്തിൽ പറയുന്നു. കൂടാതെ ഇന്ത്യയിൽ ഇസ്‌ലാം ഭീഷണിയിലാണെന്ന് വിശ്വസിപ്പിച്ച് യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്കു അടിപ്പിക്കുവാനും പ്രതികൾ ശ്രമിച്ചതായി എൻ ഐ എ പറയുന്നു.