2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പുതിയ മുന്നണി;മമത- അഖിലേഷ് കൂടിക്കാഴ്ചയില്‍ ധാരണ

single-img
18 March 2023

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പുതിയ മുന്നണിയുണ്ടാക്കി മത്സരിക്കാനുള്ള നീക്കവുമായി തൃണമൂല്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും.

ബിജെപിക്കെതിരെ കോണ്‍ഗ്രസ് ഇതര മുന്നണി രൂപികരിക്കുകയാണ് ഇരു പാര്‍ട്ടികളും ലക്ഷ്യമിടുന്നത്.

പുതിയ നീക്കങ്ങളുടെ ഭാഗമായി തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും കൊല്‍ക്കത്തയില്‍ കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പില്‍ ഒന്നിച്ച്‌ നിന്ന് പോരാടാന്‍ ഇരു നേതക്കളും തമ്മില്‍ ധാരണയിലെത്തി.

ഈ കൂടിക്കാഴ്ചയുടെ തുടര്‍ച്ചയെന്നോണം അടുത്ത ആഴ്ച മമത നവീന്‍ പട്നായിക്കുമായും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബിജു ജനതാദളിനെ കൂടി സഖ്യത്തിലെത്തിക്കാനാണ് മമതയുടെ നീക്കം.

പ്രതിപക്ഷ കക്ഷികളുടെ മുഖ്യ മുഖമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടുന്നതിന് തടയിടുകയാണ് മമത- അഖിലേഷ് സഖ്യം ലക്ഷ്യമിടുന്നത്. പ്രതിപക്ഷ മുഖമായി രാഹുലിനെ ബിജെപി ബോധപൂര്‍വം ഉയര്‍ത്തിക്കാട്ടുന്നുവെന്ന സംശയവും മമതയടക്കമുള്ളവര്‍ക്കുണ്ട്. ഈ നീക്കത്തേയും ചെറുക്കാനാണ് കോണ്‍ഗ്രസിനേയും അകറ്റി നിര്‍ത്തിയുള്ള തന്ത്രം.

വിവാദമായ ലണ്ടന്‍ പ്രസംഗത്തില്‍ രാഹുല്‍ മാപ്പു പറയണമെന്ന നിലപാടില്‍ ബിജെപി ഉറച്ചു നില്‍ക്കുകയാണ്. രാഹുലിനെ ഉപയോഗിച്ച്‌ ബിജെപി തങ്ങളെയും ലക്ഷ്യമിടുന്നുവെന്ന തോന്നലും പ്രതിപക്ഷ കക്ഷികള്‍ക്കുണ്ട്.

ബിജെപിയുമായും കോണ്‍ഗ്രസുമായും തുല്യം അകലം പാലിക്കുമെന്ന് അഖിലേഷ് യാദവ് കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി. ബംഗാളില്‍ തങ്ങള്‍ മമതയ്ക്ക് ഒപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.