ചടങ്ങിൽ ശ്രദ്ധിക്കപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസാന്നിധ്യം


ഇന്ത്യൻ സുപ്രീംകോടതിയുടെ അമ്പതാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഢ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പക്ഷെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഹിമാചൽ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുകയാണ് ഇപ്പോൾ നരേന്ദ്ര മോദി. സാധാരയായി സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കാറുണ്ട്. മാത്രമല്ല, സ്ഥാനം ഒഴിയുന്ന ചീഫ് ജസ്റ്റിസ്, പുതിയ ചീഫ് ജസ്റ്റിസ്, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരോടൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്യുന്നതാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ് , മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യുയു ലളിത്അ ടക്കമുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പർ കോടതിയുടെ ചുമതലയാണ് ചന്ദ്രചൂഢ് വഹിക്കുക. ഇനിയുള്ള രണ്ട് വർഷം ചന്ദ്രചൂഢ് ചീഫ് ജസ്റ്റിസ് പദവിയിൽ തുടരും.
രാജ്യത്തെ സാധാരണക്കാരെ സേവിക്കുന്നതിനായിരിക്കും താൻ കൂടുതൽ പ്രാധാന്യം നൽകുകയെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു. വാക്കുകൊണ്ടല്ല, താൻ ചെയ്യുന്ന പ്രവർത്തികൊണ്ട് ജനങ്ങളുടെ വിശ്വാസം ആർജിച്ചെടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.