വീട്ടിൽ നിസ്കാരം സംഘടിപ്പിച്ചു; യുപിയിൽ 26 പേർക്കെതിരെ കേസ്

single-img
29 August 2022

അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ ഒരു വീട്ടിൽ നിസ്കാരം സംഘടിപ്പിച്ചു എന്ന് ആരോപിച്ചു യു പി പോലീസ് 26 പേർക്കെതിരെ കേസെടുത്തു. പ്രദേശവാസിയായ ചന്ദ്രപാൽ സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെസുത്ത് എന്നാണു മൊറാദാബാദ് പോലീസ് നൽകുന്ന വിശദീകരണം.

ഒരു അറിയിപ്പും കൂടാതെ ഛജ്‌ലെറ്റ് ഏരിയയിലെ ദുൽഹെപൂർ ഗ്രാമത്തിലെ രണ്ട് പ്രാദേശിക ഗ്രാമീണരുടെ വീട്ടിൽ നൂറുകണക്കിന് ആളുകൾ ഒത്തുകൂടി പ്രാർത്ഥനകൾ നടത്തി. മറ്റൊരു സമുദായത്തിൽപ്പെട്ട അയൽവാസികളുടെ എതിർപ്പിനെത്തുടർന്ന് വീട്ടിൽ അത്തരം ഒരു ആചാരത്തിൽ ഏർപ്പെടരുതെന്ന് അവർക്ക് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ചാണ് ഇവർ പ്രാർത്ഥനയുമായി മുന്നോട്ടുപോയതുകൊണ്ടാണ് കേസ് എടുത്തത്- മൊറാദാബാദ് പോലീസ് (റൂറൽ) എസ പി സന്ദീപ് കുമാർ മീണ പറഞ്ഞു.

പ്രദേശവാസിയായ ചന്ദ്രപാൽ സിങ്ങിന്റെ പരാതിയിൽ തിരിച്ചറിഞ്ഞ 16 പേർക്കെതിരെയും തിരിച്ചറിയപ്പെടാത്ത 10 പേർക്കെതിരെയും ഐപിസി 505-2 പ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണു പോലീസ് പറയുന്നത്. ദുൽഹെപൂർ ഗ്രാമത്തിലെ ‘വലിയ സംഖ്യയിൽ’ ആളുകൾ വീടിനുള്ളിൽ പ്രാർത്ഥിക്കുന്നതായി പറയപ്പെടുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെത്തുടർന്ന് കുറച്ച് സംഘപരിവാർ പ്രവർത്തകർ പ്രതിഷേധിക്കുകയും പോലീസ് നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.