നഗ്നപൂജക്കും മന്ത്രവാദത്തിനും ഇരയാക്കി പീഡിപ്പിക്കാന്‍ ശ്രമിച്ചു; കൊല്ലത്ത് പരാതിയുമായി യുവതി

single-img
21 October 2022

കൊല്ലം ജില്ലയിലെ ചടയമംഗലത്ത് യുവതിയെ നഗ്നപൂജക്കും മന്ത്രവാദത്തിനും ഇരയാക്കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതിയുടെ പരാതി. ശരീരത്തിൽ ബാധിച്ച ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും നഗ്‌നപൂജയ്ക്ക് ഇരയാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

ആറ്റിങ്ങല്‍ സ്വദേശിനീയായ യുവതി നൽകിയ പരാതിയില്‍ കൊല്ലം ചടയമംഗലം പൊലീസ് ഭരതൃമാതാവിനെയും ഭര്‍തൃസഹോദരനെയും കസ്റ്റഡിയില്‍ എടുത്തു. 2016 ലായിരുന്നു യുവതിയും ചടയമംഗലം സ്വദേശിയും തമ്മിലുളള വിവാഹം നടന്നത്. ഇതിനു പിന്നാലെ മന്ത്രവാദത്തിനും നഗ്നപൂജക്കായി നിര്‍ബന്ധിച്ചുവെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്.

ഇതിനിടയിൽ ഈ പൂജക്ക് തയ്യാറാകാത്തിന് ഭര്‍ത്താവ് മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് ശേഷം ഹണിമൂണിനെന്ന പേരില്‍ നാഗൂരിലേക്ക് കൊണ്ടുപോയി അവിടെവെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. പിന്നാലെ മന്ത്രവാദത്തിനെത്തിയ അബ്ദുള്‍ ജബ്ബാര്‍ അയാളുടെ സഹായി സിദ്ധിഖ് എന്നിവര്‍ ചടയമംഗലത്തെ വീട്ടില്‍വെച്ചും മന്ത്രവാദ കേന്ദ്രത്തില്‍വെച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.

ഭര്‍തൃസഹോദരിയും മാതാവും ഇതിനെല്ലാം കൂട്ടുനിന്നതായും സിദ്ദിഖ് എന്നയാള്‍ തന്റെ വസ്ത്രം വലിച്ചു കീറാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞപ്പോള്‍ അതൊന്നും സാരമില്ല ഇതെല്ലാം മന്ത്രവാദത്തിന്റെ ഭാഗമാണെന്നാണ് ഭര്‍ത്താവ് പറഞ്ഞതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പീഡനം സഹിക്കാനാകാതെ വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം യുവതി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇരുവരുടെയും വിവിഹമോചനകേസ് നടക്കുകയാണ്. ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിലാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.