ലോക്സഭാ തെരഞ്ഞെടുപ്പിലെ എന്റെ അവസാനത്തെ മത്സരം; അതിനര്‍ഥം രാഷ്ട്രീയം നിര്‍ത്തുമെന്നല്ല: ശശി തരൂർ

single-img
12 April 2024

ഇത്തവണ നടക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിലെ തന്‍റെ അവസാനത്തെ മത്സരമാണെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. എന്നാൽ അതിനര്‍ഥം രാഷ്ട്രീയം നിര്‍ത്തുമെന്നല്ലെന്നും ശശി തരൂർ പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിൽ എത്തിയാൽ വ്യത്യസ്തമായ പങ്ക് നിര്‍വഹിക്കാൻ അവസരം കിട്ടിയാൽ അത് നിര്‍വഹിക്കും.

എന്നാൽ ബിജെപി ഭരണം തുടരുകയാണെങ്കിൽ വിവാദ തീരുമാനങ്ങള്‍ക്കെതിരെ താൻ ജനങ്ങളുടെ ശബ്ദം ഉയര്‍ത്തും. മണ്ഡല പുനഃസംഘടന, ഏക സിവിൽ കോഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നിവക്കെതിരെ നിലപാട് എടക്കുമെന്നും ഒരു ചാനൽ അഭിമുഖ പരിപാടിയിൽ ശശി തരൂര്‍ പറഞ്ഞു.

പത്തനംതിട്ട മണ്ഡലത്തിലെ എന്‍ഡിഎ അനിൽ ആന്റണി അച്ഛൻ എ കെ ആന്റണിയോട് മര്യാദയും സ്നേഹവും കാണിക്കണമെന്നും ശശി തരൂർ പറഞ്ഞു. അച്ഛന്റെ ദുഖം അനിൽ മനസിലാക്കണം. അനിൽ തീവ്ര ബിജെപി നയങ്ങൾ പറയുന്നത് കേൾക്കുമ്പോൾ ദുഖമുണ്ട്. താൻ മകനെ പോലെ കണ്ട് പ്രോത്സാഹിപ്പിച്ച നേതാവാണ് അനിൽ ആന്റണി.

ഇത്തവണ പത്തനംതിട്ടയിലെ തോൽവി, അനിലിനെ പല പാഠങ്ങളും പഠിപ്പിക്കുമെന്നും ശശി തരൂർ കൂട്ടിച്ചേര്‍ത്തു. എ കെ ആന്‍റണി പഠിപ്പിക്കാൻ ശ്രമിച്ച കാര്യങ്ങള്‍ ഇത്ര വേഗത്തിൽ അനിൽ മറന്നുപോയി. അനിൽ ഉപയോഗിച്ച ഭാഷ കോണ്‍ഗ്രസിൽ ഉപയോഗിക്കാറില്ല. അതിനെ കുറിച്ച് കൂടുതൽ പറയാൻ ആഗ്രഹമില്ലെന്നും ശശി തരൂര്‍ പ്രതികരിച്ചു.