രാഹുൽ ഗാന്ധിതന്നെ മത്സരിക്കും; വയനാട് ലോക്‌സഭാ സീറ്റ് മുസ്ലിം ലീഗിനില്ല: കെ മുരളീധരൻ

single-img
26 January 2024

ഇത്തവണ വയനാട് ലോക്‌സഭാ സീറ്റ് മുസ്ലിം ലീഗിനില്ലെന്നും രാഹുല്‍ ഗാന്ധിയാണ് അവിടെ മത്സരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി.വിവിധ മണ്ഡലങ്ങളിൽ നടക്കുന്ന ചുവരെഴുത്ത് പ്രവര്‍ത്തകരുടെ ആവേശമാണ്. അവരെ തളര്‍ത്തേണ്ടതില്ല. വടകരയില്‍ യുഡിഎഫ് ബുക്ക്ഡ് എന്ന് എഴുതിക്കോട്ടെയെന്നും കെ.മുരളീധരന്‍ പറഞ്ഞു.

കെ സുധാകരനൊഴികെ എല്ലാ കോണ്‍ഗ്രസ് എം.പിമാരും മത്സരിക്കുമെന്നും കെ.മുരളീധരന്‍ കോഴിക്കോട് പ്രതികരിച്ചു. അതേപോലെ തന്നെ , കെഎം മാണി ആത്മകഥ എഴുതുമ്പോള്‍ മനസിലുള്ളതാണ് എഴുതുന്നത്. നിയമസഭയില്‍ മാണിയെ അപമാനിച്ചവരാണ് പുസ്തകം പ്രകാശനം ചെയ്തത്. അത് അദ്ദേഹത്തിന്റെ ആത്മാവ് പൊറുക്കില്ലെന്നും കെ.മുരളീധരന്‍ പ്രതികരിച്ചു. രാമക്ഷേത്രം കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചത് ചടങ്ങ് രാഷ്ട്രീയവല്‍ക്കരിച്ചതിനാലാണ്.

അവിടേക്ക് വിശ്വാസികള്‍ക്ക് പോകാം പോകാതിരിക്കാം. മതേതര രാഷ്ട്രത്തിലെ പ്രധാനമന്ത്രി ക്ഷേത്ര ചടങ്ങില്‍ യജമാനനാവരുത്. ശശി തരൂര്‍ ശ്രീരാമ ഭക്തനാണ്. താനും ശ്രീരാമ ഭക്തനാണെന്നും മുരളീധരന്‍ പറഞ്ഞു.
സംസ്ഥാന നിയമസഭയെ ഗവര്‍ണ്ണര്‍ അപമാനിച്ചു. അത് തെറ്റാണ്. ഗവര്‍ണ്ണര്‍ക്ക് സര്‍ക്കാറിനോട് അഭിപ്രായ വ്യത്യാസം ഉണ്ടാകാം. മുഖം വീര്‍പ്പിച്ച് ഇരുന്നിട്ട് കാര്യമില്ല.

ഗവര്‍ണ്ണര്‍ സഭയില്‍ വെച്ച് മുഖ്യമന്ത്രിയോട് മുഖം കറുപ്പിച്ചത് തെറ്റാണ്. മുഖ്യമന്ത്രി ചെയ്തതും തെറ്റാണ്. പ്രസംഗം വായിക്കാനുള്ള ആരോഗ്യ കുറവ് ഗവര്‍ണ്ണര്‍ക്കില്ല. 78 സെക്കന്റ് മാത്രം നയപ്രഖ്യാപനം നടത്തി ഗവര്‍ണ്ണര്‍ ചരിത്രത്തിലിടം നേടി. അത് കേട്ടിരുന്ന മുഖ്യമന്ത്രിയും ചരിത്രത്തിന്റെ ഭാഗമായെന്നും മുരളീധരന്‍ പരിഹസിച്ചു.