കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: കെ എസ് യു കാലുവാരിയെന്ന വിമർശനവുമായി എംഎസ്എഫ്

single-img
16 March 2023

കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്യു കാലുവാരിയെന്ന പരോക്ഷ വിമർശനവുമായി എംഎസ്എഫ്. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ 10 സ്ഥാനങ്ങളിൽ ഒമ്പതും എസ്എഫ്ഐ ആണ് നേടിയത്.

പ്രധാനപ്പെട്ട ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ജില്ലാ പ്രതിനിധികൾ തുടങ്ങിയ സ്ഥാനങ്ങളെല്ലാം എസ്എഫ്ഐ സ്വന്തമാക്കി . മലപ്പുറം ജില്ലാ പ്രതിനിധി സ്ഥാനം മാത്രമാണ് യുഡിഎസ്എഫിന് കിട്ടിയത്. ഇതിനെ തുടർന്നാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, ജനറൽ സെക്രട്ടറി സി.കെ നജാഫ്, ട്രഷറർ അഷർ പെരുമുക്ക് തുടങ്ങിയവർ വോട്ട് ചോർച്ചയുണ്ടായെന്ന ആരോപണവുമായി രംഗത്തെത്തിയത്.

പികെ നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിനായി എത്രയോ നാളുകളായി പ്രവർത്തിച്ചിരുന്ന എന്റെ സഹപ്രവർത്തകരുടെ പോരാട്ട വീര്യത്തെ അഭിവാദ്യം ചെയ്യുന്നു. പ്രിയരേ ഈ വിജയം നമുക്ക് വിധിച്ചില്ല…ജനാധിപത്യ വിരുദ്ധമായ അധികാര ധിക്കാരങ്ങളെ നേരിട്ട്, നീതിക്കായി കോടതി വരാന്തകളിൽ കയറി, എസ്.എഫ്‌.ഐ ആക്രമണങ്ങളെ നേരിടേണ്ടി വന്ന്, ഭീഷണികളെ അതിജീവിച്ച് നമ്മൾ നടത്തിയ പോരാട്ടം അർത്ഥമില്ലാതാകുന്നില്ല.

ധീരനായ ഹബീബിന്റെ സഹോദരങ്ങൾക്ക് ഈ രാഷ്ട്രീയ പരാജയത്തെ എങ്ങനെ ഉൾകൊള്ളണമെന്ന് വിവരിക്കേണ്ടതില്ല. മുന്നിൽ നിന്നും പിന്നിൽ നിന്നും നേരിടേണ്ടി വന്ന വാരിക്കുഴികൾ സൃഷ്ടാവിന്റെ കരങ്ങളിലാണ് ഏൽപ്പിക്കുന്നത്. ഈ തെരെഞ്ഞെടുപ്പ് പരാജയത്തെ എം.എസ്.എഫ് അംഗീകരിക്കുന്നു.യു.യു.സിമാർക്ക് നേരെ ഭീഷണി മുഴക്കിയും അവരുടെ ഐ.ഡി കാർഡ് തട്ടിയെടുത്തും അധികാരികളെ വെച്ച് വോട്ടവകാശം നിഷേധിച്ചും എസ്.എഫ്.ഐ നേടിയ ഈ വിജയം ഒരു രാഷ്ട്രീയ വിജയമോ, ജനാധിപത്യ വിജയമോ ആയി എസ്.എഫ്.ഐ പോലും പരിഗണിക്കുമെന്ന് കരുതുന്നില്ല.

മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ആയി തിരഞ്ഞെടുത്ത ഹരിത ജില്ലാ ജനറൽ സെക്രട്ടറി സിഫ്‌വാക്ക്‌ അഭിവാദ്യങ്ങൾ…ഈ കാലം മനോഹരമായതെന്തോ നമുക്ക് വേണ്ടി മാറ്റി വെച്ചിട്ടുണ്ട്‌. ചെറുതെങ്കിലും നിന്റെ ഉണ്മയിൽ അഭിമാനിക്കുക എന്ന ഇഖ്ബാലിന്റെ വരികൾ ഓർമ്മിപ്പിച്ചു പറയട്ടെ. ഈ പോരാട്ടം തന്നെ ഒരു വിജയമാണ്. അധികാര തണലില്ലാതെ നമ്മൾ നടത്തിയ ഈ പോരാട്ടം കാലത്തിന്റെ ചുമരുകളിൽ മായില്ല.