മോദിയുടെ ചിത്രത്തിന് കൂടുതൽ റീച്ച്; മെറ്റയുടെ അൽഗോരിതത്തിനെതിരെ അഭിജീത് ദീപ്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള പോസ്റ്റുകൾക്ക് ഇൻസ്റ്റഗ്രാമിൽ കൂടുതൽ റീച്ചും എൻഗേജ്മെന്റും ലഭിക്കുന്നുവെന്ന ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെ. ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രമുള്ള പോസ്റ്റിനേക്കാൾ വളരെ വേഗത്തിൽ മോദിയുടെ ചിത്രം ഉൾപ്പെടുത്തിയ പോസ്റ്റിന് കാഴ്ചക്കാരെ ലഭിച്ചെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. യൂത്ത് കോൺഗ്രസിന് പിന്നാലെ മെറ്റയ്ക്കെതിരെ പരസ്യ വിമർശനവുമായി സിജെപിയും രംഗത്തെത്തിയിരിക്കുകയാണ്.
എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അഭിജീത് ദീപ്കെ മെറ്റയുടെ അൽഗോരിതത്തിനെതിരെ ആരോപണം ഉന്നയിച്ചത്. നവംബർ 26-ന് ഭരണഘടനാ ദിനത്തോടനുബന്ധിച്ച് നാഗ്പൂരിൽ സിജെപി സംഘടിപ്പിക്കുന്ന ‘ജനാധിപത്യത്തെ സംരക്ഷിക്കൂ, ഭരണഘടനയെ സംരക്ഷിക്കൂ’ പരിപാടിയുടെ പ്രചാരണത്തിനായി ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രം ഉൾപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് രണ്ട് മണിക്കൂർ കൊണ്ട് ലഭിച്ച റീച്ചിനേക്കാൾ കൂടുതലാണ് മോദിയുടെ ചിത്രം ഉൾപ്പെടുത്തിയ മറ്റൊരു പോസ്റ്റിന് വെറും 20 മിനിറ്റിനുള്ളിൽ ലഭിച്ചതെന്നാണ് ദീപ്കെ ചൂണ്ടിക്കാട്ടിയത്.
ഭരണഘടനയെയും മറ്റ് നേതാക്കളെയും കുറിച്ചുള്ള പോസ്റ്റുകളുടെ പ്രചാരം കുറയ്ക്കുകയും പ്രധാനമന്ത്രിക്ക് അനുകൂലമായ ഉള്ളടക്കങ്ങൾക്ക് കൂടുതൽ പ്രചാരം നൽകുകയും ചെയ്യുന്ന രീതിയിലാണ് മെറ്റയുടെ അൽഗോരിതം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മെറ്റയുടെ നിലപാടിനെ പരിഹസിച്ചുകൊണ്ടാണ് വീഡിയോയിൽ ദീപ്കെ സംസാരിച്ചത്. മോദിയെ അതിശയോക്തി കലർന്ന രീതിയിൽ പുകഴ്ത്തിയശേഷം, പറഞ്ഞതെല്ലാം മെറ്റയ്ക്ക് വേണ്ടിയായിരുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇൻസ്റ്റഗ്രാമിൽ കൂടുതൽ റീച്ച് ലഭിക്കാൻ പ്രധാനമന്ത്രിയെ പുകഴ്ത്തേണ്ട സാഹചര്യമാണുള്ളതെന്നും പരിഹസിച്ചു.
നവംബർ 26-ന് വൈകിട്ട് നാലിന് നാഗ്പൂരിൽ സിജെപിയുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിക്കുമെന്നും രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ നിലകൊള്ളുന്നവർ പരിപാടിയിൽ പങ്കാളികളാകണമെന്നും അഭിജീത് ദീപ്കെ ആഹ്വാനം ചെയ്തു.


