55 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് ആരുടെ താലിമാലയാണ് തട്ടിയെടുത്തതെന്ന് മോദി പറയണം: പ്രിയങ്ക ഗാന്ധി

single-img
24 April 2024

കോണ്‍ഗ്രസ് രാജ്യത്തു അധികാരത്തിലെത്തിയാല്‍ സ്ത്രീകളുടെ താലിമാല വരെ തട്ടിയെടുക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്കാ ഗാന്ധി. രാജ്യത്തിനായി താലിമാല ബലി കഴിച്ചയാളാണ് തൻ്റെ അമ്മയെന്നും ചൈന യുദ്ധവേളയിൽ മുഴുവൻ ആഭരണങ്ങളും തൻ്റെ മുത്തശി രാജ്യത്തിനായി നൽകിയിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇപ്പോൾ 75 വർഷം പിന്നിട്ടു, ഇതിൽ 55 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് ആരുടെ താലിമാലയാണ് തട്ടിയെടുത്തതെന്ന് മോദി പറയണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ആയിരുന്നു നരേന്ദ്ര മോദിയുടെ വാദങ്ങൾക്കെതിരെ പ്രിയങ്ക ആഞ്ഞടിച്ചത്.

അതേസമയം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രസംഗം നേരത്തെ വന്‍വിവാദത്തിലായിരുന്നു.