മന്ത്രി വി ശിവൻകുട്ടിയെ അധിക്ഷേപിച്ചു; വി ഡി സതീശനെതിരെ അവകാശ ലംഘന നോട്ടീസ്

single-img
28 January 2026

മന്ത്രി വി ശിവൻകുട്ടിയെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അവകാശ ലംഘന നോട്ടീസ്. വി ജോയ് എംഎൽഎയാണ് സ്പീക്കർ എ എൻ ഷംസീറിന് നോട്ടീസ് നൽകിയത്. പൊതുമധ്യത്തിൽ മന്ത്രിയെ അപമാനിച്ചെന്നാണ് പരാതി. നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു വി ശിവൻകുട്ടിക്കെതിരായ വി ഡി സതീശന്‍റെ വിമർശനം. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞതിനെ തുടർന്നാണ് സതീശൻ ശിവൻകുട്ടിയെ കടന്നാക്രമിച്ചത്.

ശിവൻകുട്ടി മന്ത്രിയായി ഇരിക്കുമ്പോൾ സ്‌കൂളിൽ പഠിക്കേണ്ടിവന്നത് കുട്ടികളുടെ ഗതികേട് ആണെന്നും ഇത്രയും വിവരദോഷികൾ ഉൾപ്പെട്ട മറ്റൊരു മന്ത്രിസഭ കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്നും സതീശൻ പറഞ്ഞിരുന്നു. നിയമസഭയിൽ ഡെസ്‌കിനുമുകളിൽ കയറിനിന്ന ഒരാളാണ് പ്രതിപക്ഷത്തിന് ക്ലാസെടുക്കാൻ വരുന്നത്.

വിവരമില്ലാത്തവർ മന്ത്രിമാരായാൽ ഇങ്ങനെയൊക്കെ സംഭവിക്കും. എക്‌സൈസ് വകുപ്പായിരുന്നെങ്കിൽ ബോധമില്ല എന്ന് പറയാമായിരുന്നു. വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ഇരിക്കാൻ ശിവൻകുട്ടി യോഗ്യനല്ലെന്നും വി ഡി സതീശൻ വിമർശിച്ചു. അതേസമയം,സതീശന്റേത് തരംതാണ പദപ്രയോഗമാണെന്നായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി.