ഫേസ്ബുക്കിന്റെ മാതൃകമ്പനി മെറ്റയെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ

single-img
12 October 2022

അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയാ ഭീമന്മാരായ ഫേസ്ബുക്കിന്റേയും ഇന്‍സ്റ്റാഗ്രാമിന്റേയും മാതൃകമ്പനി മെറ്റയെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ. റഷ്യയുടെ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്ന ഏജന്‍സിയാണ് മെറ്റയെ ഭീകരവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

നേരത്തെ തന്നെ ഇരു സോഷ്യൽ മീഡിയകൾക്കും റഷ്യ നിരോധനം ഏര്‍പ്പെടുത്തിയുരുന്നു. നിരോധനത്തിനെതിരെ കോടതിയെസമീപിച്ചപ്പോൾ റഷ്യയില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചുകൊണ്ട് മെറ്റയുടെ ഹര്‍ജി മോസ്‌കോ കോടതി തള്ളുകയും ചെയ്തിരുന്നു. റഷ്യന്‍ മാധ്യമങ്ങള്‍ക്കും വിവര സ്രോതസുകള്‍ക്കും എതിരെ ഫേസ്ബുക്ക് സ്വീകരിച്ച നടപടികളെ തുടര്‍ന്നാണ് റഷ്യന്‍ കമ്മ്യൂണിക്കേഷന്‍സ് ഏജന്‍സിയായ റോസ്‌കോമാട്സര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

ഉക്രൈനില്‍ റഷ്യ പോരാട്ടം കടുപ്പിച്ചതിനിടെയാണ് നീക്കം. ഉക്രൈന്റെ തലസ്ഥാനമായ കീവിലുള്‍പ്പെടെ വിവിധ പട്ടണങ്ങളില്‍ റഷ്യയുടെ മിസൈല്‍വര്‍ഷം നടത്തിയിരുന്നു. ക്രേമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെര്‍ച് പാലം കഴിഞ്ഞദിവസം ഉക്രൈൻ നടത്തിയ സ്‌ഫോടനത്തില്‍ തകര്‍ന്നിരുന്നു. ഇതിനെ തുടർന്നായിരുന്നു റഷ്യ ആക്രമണം കടുപ്പിച്ചത്.