മീററ്റിൽ ശരീരഭാരം കൂട്ടിയതിന് ഭാര്യയെ മുത്തലാഖ് ചൊല്ലി, ഭർത്താവിനെതിരെ കേസ്

single-img
3 September 2022

വിവാഹശേഷം വണ്ണം കൂടി എന്ന് ആരോപിച്ചു ഭർത്താവ് മുത്തലാഖ് ചൊല്ലിയതായി യുവതിയുടെ പരാതി. മീററ്റിലെ 28 വയസ്സുകാരി നസ്മ ബീഗം നൽകിയ പരാതിയിൽ ഭർത്താവ് മൊഹമ്മദ് സൽമാനെതിരെ പോലീസ് കേസെടുത്തു.

എട്ട് വർഷമായി വിവാഹിതയാണെന്നും, വർഷങ്ങളായി തടി കൂടിയതിനാൽ ഭർത്താവ് തന്നെ പീഡിപ്പിക്കുകയാണ് എന്നും യുവതി പരാതിയിൽ പറയുന്നു. കിത്തോർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഭർത്താവിന്റെ വീട്ടിൽ നിന്നും തന്നെ പുറത്താക്കിയെന്നും, കഴിഞ്ഞ മാസം മുതൽ യുവതി മാതാപിതാക്കളോടൊപ്പമാണ് താമസം എന്നുമാണ് പരാതിയിൽ പറയുന്നത്. ഓഗസ്റ്റ് 28 ന് സൽമാൻ മറ്റ് അഞ്ച് പേർക്കൊപ്പം മാതാപിതാക്കളുടെ വീട്ടിലെത്തി തന്നെ മർദ്ദിച്ച ശേഷം മുത്തലാഖ് ചൊല്ലുകയായിരുന്നു എന്നുമാണ് പരാതി. ദമ്പതികൾക്ക് ഏഴു വയസ്സുള്ള ഒരു മകനുമുണ്ട്.

2019 ലെ മുസ്ലീം സ്ത്രീകളുടെ (വിവാഹത്തിനുള്ള അവകാശങ്ങൾ സംരക്ഷിക്കൽ) നിയമത്തിന്റെ 3/4 വകുപ്പും ഐപിസിയുടെ പ്രസക്തമായ വകുപ്പുകളും പ്രകാരം പോലീസ് ഭർത്തായാ മൊഹമ്മദ് സൽമാനെതിരെ കേസ് എടുത്തു. അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും കോട്വാലി മീററ്റ് സർക്കിൾ ഓഫീസർ അരവിന്ദ് കുമാർ ചൗരസ്യ പറഞ്ഞു.