അമേരിക്കയിലെ ടെക്സസ് തീരത്തുള്ള ഓയിൽ റിഫൈനറിയിൽ ശക്തമായ സ്ഫോടനം

അമേരിക്കയിലെ ടെക്സസ് തീരത്തുള്ള പോർട്ട് ആർതറിലെ വലേറോ ഓയിൽ റിഫൈനറിയിൽ ശക്തമായ സ്ഫോടനം സംഭവിച്ചു. ഹൂസ്റ്റണിൽ നിന്ന് ഏകദേശം 145 കിലോമീറ്റർ അകലെയുള്ള ഈ പ്ലാന്റിലുണ്ടായ അപകടത്തെത്തുടർന്ന് കിലോമീറ്ററുകളോളം ദൂരത്തിൽ കറുത്ത പുക പടർന്നത് വലിയ പരിഭ്രാന്തി പരത്തി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ലെന്ന് മേയർ ഷാർലറ്റ് എം. മോസസ് അറിയിച്ചു. പ്ലാന്റിലെ തീ നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമങ്ങൾ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തുടരുകയാണ്.
പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ആഗോള എണ്ണവിപണിയിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സ്ഫോടനം നടന്നിരിക്കുന്നത് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. പ്രതിദിനം 4,35,000 ബാരൽ ഓയിൽ സംസ്കരിക്കാൻ ശേഷിയുള്ള ഈ റിഫൈനറി, ഗ്യാസോലിൻ, ഡീസൽ, ജെറ്റ് ഇന്ധനം എന്നിവയുടെ പ്രധാന ഉൽപ്പാദന കേന്ദ്രമാണ്. 770-ഓളം ജീവനക്കാരുള്ള ഈ പ്ലാന്റിലെ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നത് രാജ്യാന്തര ഇന്ധന വിപണിയെയും വിലനിലവാരത്തെയും കൂടുതൽ ബാധിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
സ്ഫോടനത്തെത്തുടർന്ന് നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള താമസക്കാരോട് സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ അധികൃതർ കർശന നിർദ്ദേശം നൽകി. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ ജനാലകൾ കുലുങ്ങിയതായും വലിയ ശബ്ദം കേട്ടതായും പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തി. സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് ‘ഓൾ ക്ലിയർ’ അറിയിപ്പ് ലഭിക്കുന്നത് വരെ വീടുകൾക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ജനലുകളും വാതിലുകളും അടച്ചിടണമെന്നും നഗര ഭരണകൂടം ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകി.
അപകടത്തെത്തുടർന്ന് വായുവിൽ വിഷാംശം പടർന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ടെക്സസ് കമ്മീഷൻ ഫോർ എൻവയോൺമെന്റൽ ക്വാളിറ്റി പ്രതിനിധികൾ സ്ഥലത്തെത്തിയിട്ടുണ്ട്. വായുനിലവാരം പരിശോധിക്കുന്നതിനുള്ള ആധുനിക ഉപകരണങ്ങളുമായി ഉദ്യോഗസ്ഥർ റിഫൈനറിയിൽ പരിശോധന നടത്തിവരികയാണ്. നിലവിൽ റിഫൈനറി അധികൃതർ സംഭവത്തിൽ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ലെങ്കിലും, വരും മണിക്കൂറുകളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


