ദക്ഷിണാഫ്രിക്കയിൽ കൂട്ട വെടിവെപ്പ്; രണ്ട് ദിവസത്തിനിടെ 27 പേർ കൊല്ലപ്പെട്ടു

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലും കേപ് ടൗണിലും നടന്ന രണ്ട് വ്യത്യസ്ത കൂട്ട വെടിവെപ്പ് സംഭവങ്ങളിൽ കുറഞ്ഞത് 27 പേർ കൊല്ലപ്പെടുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സെപ്തംബർ 26, 27 തീയതികളിലാണ് രാജ്യത്തെ പ്രധാന നഗരങ്ങളിൽ വെടിവെപ്പ് നടന്നത്. സംഭവങ്ങളിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആക്രമണങ്ങളുടെ കാരണം സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ജോഹന്നാസ്ബർഗിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലെ വെഡെല പ്രദേശത്തെ ഒരു ബാറിലാണ് ശനിയാഴ്ച രാത്രി ആദ്യ വെടിവെപ്പ് നടന്നത്. തോക്കുകളും പിസ്റ്റളുകളും കൈവശമുണ്ടായിരുന്ന എട്ട് അക്രമികൾ ബാറിലെത്തുകയും പുറത്തിരുന്ന ഉപഭോക്താക്കൾക്കുനേരെ വെടിയുതിർക്കുകയും തുടർന്ന് അകത്തേക്ക് കടന്ന് വെടിവെപ്പ് തുടരുകയുമായിരുന്നു.
ആക്രമണത്തിൽ 17 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ 13 പുരുഷന്മാരും നാല് സ്ത്രീകളുമുണ്ട്. ആക്രമണത്തിന് ശേഷം പ്രതികൾ രണ്ട് വാഹനങ്ങൾക്ക് തീയിട്ടശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.
കേപ് ടൗണിന് പുറത്തുള്ള ഒരു ടൗൺഷിപ്പിലെ ബാർബിക്യൂ വേദിയിലാണ് ഞായറാഴ്ച പുലർച്ചെ രണ്ടാമത്തെ വെടിവെപ്പ് നടന്നത്. ആളുകൾ ആഘോഷങ്ങളിൽ പങ്കെടുക്കുകയും ഭക്ഷണവും പാനീയങ്ങളും കഴിക്കുകയും ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തിൽ 10 പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിയൊച്ച കേട്ടതോടെ ആളുകൾ സുരക്ഷയ്ക്കായി ചിതറിയോടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
കേപ് ടൗൺ ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രാദേശിക ബിസിനസ് തർക്കമോ മത്സരമോ ആക്രമണത്തിന് പിന്നിലുണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
സംഘടിത കുറ്റകൃത്യങ്ങൾ, ഗ്യാങ് പ്രവർത്തനങ്ങൾ, പ്രാദേശിക ബിസിനസ് തർക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തോക്കുഹിംസ ദക്ഷിണാഫ്രിക്കയിൽ വലിയ ആശങ്കയായി തുടരുകയാണ്. ഏകദേശം 6.2 കോടി ജനസംഖ്യയുള്ള രാജ്യത്ത് പ്രതിദിനം ശരാശരി 60 കൊലപാതകങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ.
സംഭവങ്ങളിൽ പ്രതികരിച്ച പ്രസിഡന്റ് സിറിൽ റമഫോസ കുറ്റകൃത്യങ്ങളും അക്രമങ്ങളും നിയന്ത്രിക്കുന്നതിനായി സുരക്ഷാ സേന എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ആളുകൾക്കുനേരെ തോക്കെടുത്ത് യാതൊരു നിയന്ത്രണവുമില്ലാതെ വെടിയുതിർക്കുന്ന സാഹചര്യം രാജ്യത്ത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ച ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ ഒരു വീട്ടിലുണ്ടായ വെടിവെപ്പിൽ ഗർഭിണിയുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടിരുന്നു. ജോഹന്നാസ്ബർഗിലെ ഒരു മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ 11 സ്ത്രീകൾ കൊല്ലപ്പെട്ട സംഭവവും പൊലീസ് അന്വേഷിച്ചുവരികയാണ്.


