ബംഗാളിൽ ഭരണത്തിൽ 12 വര്‍ഷം പൂര്‍ത്തിയാക്കി തൃണമൂൽ; പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് മമത

single-img
2 May 2023

രാജ്യത്ത് 2024 ൽ അടക്കാനിരിക്കുന്ന `പൊതുതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി . ഈ വര്‍ഷം, തൃണമൂൽ കോൺഗ്രസ് ബംഗാളില്‍ അധികാരത്തിലേറി 12 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇക്കുറി തങ്ങള്‍ക്ക് ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്നും മമത പറഞ്ഞു.

മാത്രമല്ല , പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ മന്‍ കി ബാത് പരിപാടിയേയും പേരെടുത്ത് പറയാതെ മമത തന്റെ സോഷ്യൽ മീഡിയാ ഫേസ്ബുക്ക് പേജില്‍ വിമര്‍ശിച്ചു. ‘അവര്‍ വ്യാപകമായി നുണകള്‍ പ്രചരിപ്പിക്കുകയാണ്. രാജ്യമാകെ സ്ത്രീകള്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെ അതിക്രമങ്ങള്‍ നടക്കുന്നു.

ഇവിടെ ഞങ്ങള്‍, മണി പവര്‍, മസില്‍ പവര്‍, മാഫിയ പവര്‍, ഭീകരരായ സര്‍ക്കാര്‍ എന്നിവയ്ക്കെതിരെ പോരാടുകയാണ്. ഞങ്ങള്‍ ഒരിക്കലും തോല്‍ക്കില്ല’ അവര്‍ പറഞ്ഞു. ഈ 12 വർഷങ്ങളായി തന്നെ പിന്തുണച്ച ജനങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

‘നമ്മുടെ രാജ്യത്ത് ഒരു മാറ്റം ആവശ്യമാണ്. 2024ൽ നടക്കുന്ന തിരഞ്ഞെടുപ്പ് മാറ്റത്തിന്റെ തിരഞ്ഞെടുപ്പായിരിക്കും. എന്‍ആര്‍സിയുടെ പേരില്‍ കപട സര്‍ക്കാര്‍ അതിക്രമങ്ങള്‍ നടത്തുകയാണ്. നമ്മള്‍ എന്തിന് അവരെ പിന്തുണയ്ക്കണം?

രാജ്യത്തെ എല്ലാ പ്രതിപക്ഷ കക്ഷികളോടും ബിജെപിക്കെതിരെ ഐക്യപ്പെടാന്‍ ഞാന്‍ ആവശ്യപ്പെടും. ഞങ്ങള്‍ ഒറ്റക്കെട്ടായി നിന്നാല്‍ ഇത്തവണ ബിജെപിയെ പരാജയപ്പെടുത്താം. ഭൂമിയിലെ ഒരു ശക്തിക്കും ഞങ്ങളെ തടയാന്‍ കഴിയില്ല’ അവര്‍ പറഞ്ഞു. 2021 മെയ് 2 നാണ് ബംഗാളില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ടിഎംസി അധികാരത്തില്‍ തിരിച്ചെത്തിയത്.