ഒഡീഷ ട്രെയിൻ അപകടം; സിബിഐ അന്വേഷണം ഫലമുണ്ടാക്കില്ലെന്ന് മമത ബാനർജി

single-img
5 June 2023

ഒഡീഷയിൽ നടന്ന ട്രെയിൻ അപകടത്തിൽ സിബിഐ അന്വേഷണം ഫലമുണ്ടാക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അപകടത്തിൽ പരിക്കേറ്റവരെ കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത.

മമതയുടെ വാക്കുകൾ: ‘ജ്ഞാനേശ്വരി എക്‌സ്‌പ്രസ് അപകടക്കേസും ഞാൻ 12 വർഷം മുമ്പ് സിബിഐയ്ക്ക് നൽകിയിരുന്നു. പക്ഷേ ഫലമുണ്ടായില്ല. ഞാൻ സാന്ത്യാ കേസും സിബിഐക്ക് കൈമാറി. അവിടെയും ഫലമില്ല.

പലപ്പോഴും ക്രിമിനൽ കേസുകൾ സിബിഐ അന്വേഷിക്കുന്നുണ്ടെങ്കിലും ഇത് ഒരു അപകട കേസാണ്. റെയിൽവേ സുരക്ഷാ കമ്മീഷൻ ഉണ്ട്. അവരാണ് ആദ്യം അന്വേഷിച്ചത്. ആളുകൾ സത്യം അറിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. സത്യത്തെ അടിച്ചമർത്താനുള്ള സമയമല്ല ഇത്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട എല്ലാവരെയും കുറിച്ച് ചിന്തിക്കൂ”

മാത്രമല്ല, അജ്ഞാത മൃതദേഹങ്ങളാണ് ആദ്യം തിരിച്ചറിയേണ്ടതെന്നും ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു. “ഇത്രയും മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എനിക്കറിയാവുന്നിടത്തോളം 120 മൃതദേഹങ്ങൾ തിരിച്ചറിയാനാകാതെ കിടക്കുന്നു. അവർ ആദ്യം ഇത് പരിഹരിക്കട്ടെ.” മമത പറഞ്ഞു.

അതേസമയം, ഇന്ന് ട്രെയിൻ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ ചെന്ന് മമത ബാനർജി നേരിട്ട് കണ്ടു. “എസ്‌എസ്‌കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ച എല്ലാ രോഗികളെയും ഞാൻ കണ്ടിട്ടുണ്ട്. ഒരാൾക്ക് ഒരു കൈ നഷ്‌ടപ്പെട്ടു. മറ്റൊരാൾക്ക് കാലിന് പ്രശ്‌നമുണ്ട്.” അവർ പറഞ്ഞു.

മമത നാളെ കട്ടക്കിലെത്തും. “ഞാൻ നാളെ കട്ടക്ക് സന്ദർശിക്കും. 53 രോഗികളാണ് ഇവിടെ ചികിത്സയിലുള്ളത്. 76 മൃതദേഹങ്ങളാണ് ഇതുവരെ സംസ്ഥാനത്ത് എത്തിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 16 രോഗികൾ ഉൾപ്പെടെ 206 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 66 പേർ മേദിനിപൂരിൽ ചികിത്സയിലുണ്ട് ”അവർ പറഞ്ഞു.