പ്രധാനമന്ത്രി മോദിയും നെതന്യാഹുവും ഇരട്ടപെറ്റ സഹോദരങ്ങൾ, ഇന്ത്യ ആക്രമണത്തെ അപലപിക്കാത്തത് അപമാനം: മുഖ്യമന്ത്രി

single-img
3 March 2026

ഇറാനിൽ യുഎസ്- ഇസ്രയേൽ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലിക്കാത്തതിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മോദിയും നെതന്യാഹുവും ഇരട്ടപെറ്റ സഹോദരങ്ങളാണ്. അതിനാൽ ആണ് അമേരക്ക ഇറാനിൽ നടത്തിയ ആക്രമണത്തെ അപലപിക്കാത്തത്. ഇത് രാജ്യത്തിന് അപമാനമാണ്. എന്നാൽ ആർഎസ്എസിന് അത് അഭിമാനമായിരിക്കുമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഈ സമീപനം നമ്മുടെ നാടിന് ഭൂഷണമല്ലെന്നും പിണറായി വിജയൻ പറഞ്ഞു.

യുദ്ധ സാഹചര്യത്താൽ പ്രവാസികൾ ഉത്കണ്ഠയിലാണ് കഴിയുന്നത്. കയ്യൂക്കുള്ളവൻ കാര്യക്കാരൻ ആകുന്നു അമേരിക്കയും ഇസ്രയേലുമാണ് സംഘർഷത്തിന് നേതൃത്വം നൽകുന്നത്. മര്യാദ പാലിക്കാൻ രാജ്യങ്ങൾ തയ്യാറാകണമെന്നും ഇവർ നടപ്പാക്കുന്നത് വന്യമൃഗ നീതിയാണ് എന്നും മുഖ്യമന്ത്രി വിമർശിച്ചു.

ഇറാൻ വലിയ ചരിത്രമുളള രാജ്യമാണ്. അവിടുത്തെ എണ്ണയും പ്രകൃതിവാതകവും കൈക്കലാക്കാനാണ് അമേരിക്ക താൽപ്പര്യപ്പെടുന്നത്. ഒരു പ്രകോപനവും ഇല്ലാതെ ആക്രമിക്കുന്നത് രാജ്യാന്തര മര്യാദകൾക്ക് ചേർന്നതല്ല. രാജ്യത്തിൻ്റെ പരമോന്നത നേതാവിനെ കൊലപ്പെടുത്തിയതിന് യാതൊരു ന്യായീകരണവും ഇല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അമേരിക്കയുടെ കയ്യിലാണ് ഏറ്റവും കൂടുതൽ ആണവായുധങ്ങൾ ഉള്ളത്. ഇറാഖിനെ ആക്രമിച്ചതും സദ്ദാം ഹുസൈനെ ഭീകരനാക്കിയതും അമേരിക്ക ആണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.